മൊണ്ടിപതി മാലിന്യസംസ്കരണ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യം
1585423
Thursday, August 21, 2025 7:06 AM IST
മുതലമട: മൂച്ചൻകുണ്ട് മൊണ്ടിപതിയിൽ പ്രവർത്തനമാരംഭിച്ച മാലിന്യസംസ്കരണ പ്ലാന്റ് പൊതുജനങ്ങൾക്ക് ഗുരുതമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വാർഡ് മെംബർ പി. കൽപ്പനാദേവി മുതലമട ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതി നൽകി. കോടികളുടെ മൂലധന നിക്ഷേപത്തിലാണ് സംസ്കരണ പ്ലാന്റ് തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ പത്തുദിവസമായി ട്രയൽ റൺ എന്ന പേരിൽ മാംസമാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തിച്ച് വരികയാണ്. ഈ സ്ഥലത്തേക്ക് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവരുന്നതുമൂലം അസഹനീയ ദുർഗന്ധമാണുണ്ടാവുന്നത്. ജീർണിച്ച മാംസഅവശിഷ്ടങ്ങളിൽനിന്നും മലിനജലം റോഡിലൊഴുകുന്നതും ഇതുവഴി സഞ്ചാരം ഏറെ ദുർഘടമാക്കിയിരിക്കുകയാണ്. സംസ്ക്കരണ പ്ലാന്റിനു സമീപത്ത് താമസിക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് വായുവിലൂടെ എത്തുന്ന ദുർഗന്ധവും ദുരിതമായിക്കുന്നു.
പ്ലാന്റ് സ്ഥാപിക്കുന്നതിനു മുൻപ്തന്നെ ജനങ്ങൾ വിയോജിപ്പ് പ്രകടപ്പിച്ചിരുന്നു. കമ്പനിയുടെ തുടർ പ്രവർത്തനങ്ങൾ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ ഭയം. അടിയന്തരമായി മാലിന്യസംസ്കരണ പ്ലാന്റിനു സ്റ്റോപ്പ് മെമ്മോ നൽകണമെന്നും വാർഡ് കൗൺസിലർ പി. കൽപ്പനാദേവി സെക്രട്ടറിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.