മാലിന്യസംസ്കരണ പ്ലാന്റിന് അനുമതി നൽകില്ലെന്നു പഞ്ചായത്ത് ഭരണസമിതി
1585610
Friday, August 22, 2025 1:38 AM IST
മുതലമട: മൂച്ചൻകുണ്ട് മൊണ്ടിപ്പതിയിൽ പൊതുജനത്തിനു വിഷമകരമാവുന്ന മാലിന്യ സംസ്്കരണപ്ലാന്റ് പ്രവർത്തനത്തിനു അനുമതി നൽകിയിട്ടില്ലെന്ന് നിലവിലെ ഭരണസമിതി അറിയിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക്, വൈസ് പ്രസിഡന്റ് സി. വിനേഷ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബേബി സുധ, പഞ്ചായത്തംഗങ്ങളായ അലൈരാജ്, സതീഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗണേഷ് ബാബു, ജിബു എന്നിവരടങ്ങിയ സംഘം മാലിന്യ സംസ്കരണപ്ലാന്റ് സന്ദർശിച്ച് ഉടമയുമായി ചർച്ച നടത്തി.
മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. കൽപനാദേവി, വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവരുടെ നിർദേശപ്രകാരമാണ് പ്ലാന്റ് സ്ഥാപിച്ചതെന്ന് കമ്പനി ഉടമ അറിയിച്ചു. ഇതിനായി സമീപ കുടുംബങ്ങളിലുള്ളവരുടെ സമ്മതം വാങ്ങിച്ചിരുന്നു. 2024 ഓഗസ്റ്റ് എട്ടിനാണ് മുൻപഞ്ചായത്ത് പ്രസിഡന്റ് പ്രവർത്താനുമതി നൽകിയതെന്നും സ്ഥാപനഉടമ പഞ്ചായത്ത് അധികൃതരെ അറിയിച്ചു. യാതൊരു കാരണവശാലും പരിസരവാസികൾക്ക് വിഷമകരമാവുന്ന മാലിന്യസംസ്കരണ പ്ലാന്റിനു അനുമതി നൽകില്ലെന്ന് പ്രസിഡന്റും വൈസ്പ്രസിഡന്റും വ്യക്തമാക്കി.