പാലക്കാട് വനിതാ- ശിശുവികസന ഓഫീസില്‍ ബോംബ് ഭീഷണി
1585613
Friday, August 22, 2025 1:38 AM IST
പാലക്കാട്: വനിതാ- ശിശുവികസന ഓഫീസില്‍ ബോംബ് ഭീഷണി. വകുപ്പിന്റെ ചുമതലയുള്ള തമിഴ്നാട് സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥന് കുട്ടികളെ ഉപദ്രവിക്കുന്നുവെന്നും അതില്‍ പ്രതിഷേധിച്ചാണ് ബോംബ് വയ്ക്കുന്നുവെന്നാണ് പാലക്കാട്ടെ ഓഫീസില്‍ ലഭിച്ച ഇ- മെയില്‍ സന്ദേശം.
ഇന്നലെ രാവിലെ ഏഴോടെയാണ് റോബിസന് റോഡിലുള്ള ഓഫീസില്‍ ഇ-മെയില്‍ സന്ദേശമെത്തിയത്. സിഗരറ്റ് ലൈറ്ററിന്റെ രൂപത്തിലുള്ള ബോംബാണ് ഓഫീസില്‍ വച്ചിരിക്കുന്നതെന്നാണ് സന്ദേശത്തില്‍ സൂചിപ്പിച്ചത്.
പത്തിന് ഓഫീസിലെത്തിയ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്വകാഡും റോബിസണ്‍ റോഡിലെയും കളക്ടറേറ്റിലുള്ള വനിതാ- ശിശുവികസന ഓഫീസിലും പരിശോധന നടത്തി. യാതൊന്നും കണ്ടെത്താനായില്ല.
പരിശോധനയുടെ ഭാഗമായി ഓഫീസിന്റെ പ്രവര്‍ത്തനം രണ്ടുമണിക്കൂറോളം തടസപ്പെട്ടു. മാസങ്ങള്‍ക്കുമുമ്പ് കളക്ടറേറ്റിലും ആര്‍ഡിഒ ഓഫീസിലും ഇത്തരത്തില്‍ വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. അന്വേഷണത്തില്‍ ഇതുവരെ ആരെയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.