കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനെ ആധുനികനിലവാരമുള്ള സ്റ്റേഷനായി ഉയർത്തണം: വി.കെ. ശ്രീകണ്ഠൻ എംപി
1585605
Friday, August 22, 2025 1:38 AM IST
പാലക്കാട്: ജില്ലയിലെ കഞ്ചിക്കോട് റെയിൽ വേ സ്റ്റേഷനെ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടി ഉന്നതനിലവാരമുള്ള റെയിൽവേ സ്റ്റേഷനാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ വ്യാവസായിക യൂണിറ്റുകളുടെ പ്രധാന കേന്ദ്രമാണ് കഞ്ചിക്കോട്. കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായി പാലക്കാട് ഒരു ഹൈടെക് ഇൻഡസ്ട്രിയൽ സ്മാർട്ട്സിറ്റിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഞ്ചിക്കോട് ഒരു പ്രധാന ടൗൺഷിപ്പായി മാറുകയും ചെയ്യും.
നിരവധി ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യൻ കോർപറേറ്റ് കമ്പനികളും കഞ്ചിക്കോട് അവരുടെ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങും. ഇതിന്റെ ഫലമായി ഈ പദ്ധതിയിൽ വൻകിടനിക്ഷേപം നടത്തപ്പെടുകയും അതുവഴി ഒരു ലക്ഷത്തിലധികം പേർക്ക് നേരിട്ടോ അല്ലാതെയോ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഇത് കഞ്ചിക്കോടിന്റെ സമഗ്ര വികസത്തിന് കാരണമാകും. അതുവഴി കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുടെ എണ്ണത്തിലും ചരക്ക് നീക്കത്തിലും വൻ വർധനവ് ഉണ്ടാക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടു.