സ്റ്റേജ് കാര്യേജ് പെർമിറ്റിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം
1585420
Thursday, August 21, 2025 7:06 AM IST
പാലക്കാട്: ജില്ലയിൽ സ്വകാര്യ ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ സ്റ്റേജ് കാര്യേജ് പെർമിറ്റ് ലഭിക്കുന്നതിന് സെപ്റ്റംബർ 15 മുതൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്/ നോണ്‍ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ജില്ലാ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ പെർമിറ്റ് എടുക്കുന്നതിനും നിലവിലുള്ള പെർമിറ്റ് പുതുക്കുന്നതിനും താത്കാലിക പെർമിറ്റ് എടുക്കുന്നതിനുമെല്ലാം വാഹനങ്ങളിലെ ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയവരുടെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ജില്ലാ റീജണൽ ട്രാൻസ്പോർട്ട് അഥോറിറ്റി സെക്രട്ടറിയും ആർടിഒയുമായ സി.യു മുജീബ് അറിയിച്ചു. 1988 ലെ മോട്ടോർ വെഹിക്കിൾസ് ആക്ട്, 1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസ് എന്നിവയിലെ വ്യവസ്ഥകൾക്കനുസരിച്ചാണ് തീരുമാനം.
ഡ്രൈവർമാരും കണ്ടക്ടർമാരും ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.