വീടു കുത്തിത്തുറന്നു മോഷണം; തമിഴ്നാട് സ്വദേശികൾ പൊള്ളാച്ചിയിൽ പിടിയിൽ
1585617
Friday, August 22, 2025 1:39 AM IST
കഞ്ചിക്കോട്: പുതുശേരി ചന്ദ്രനഗർ സഹ്യാദ്രി കോളനിയിൽ അടച്ചിട്ട വീട്ടിൽനിന്നും 10 പവൻ സ്വർണവും വിലപിടിപ്പുള്ള വാച്ചുകളും മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ പൊള്ളാച്ചിയിൽനിന്നും അതിസാഹസികമായി പിടികൂടി.
പൊള്ളാച്ചി ആനമല കോട്ടൂർ സ്വദേശി കാർത്തി എന്ന കാട്ടുപൂച്ചി കാർത്തി (25), പൊള്ളാച്ചി ഊത്തുക്കുളി സ്വദേശി നാഗരാജ്(21) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്.
സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊള്ളാച്ചിയിൽനിന്നും സാഹസികമായി പിടികൂടിയത്.
ജൂലൈയിൽ കഞ്ചിക്കോട് ചെടയൻകാലായിൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം നടത്തിയതും ഇവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച ചെയ്ത പണവും സ്വർണവും ഉപയോഗിച്ച് ആഡംബരജീവിതം നയിക്കുന്ന പ്രതികൾ തമിഴ്നാട്ടിലും ബൈക്ക്മോഷണം, മാലപൊട്ടിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളാണ്. സംഭവത്തിൽ ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നു കസബ പോലീസ് അറിയിച്ചു.
കസബ ഇൻസ്പെക്ടർ എം. സുജിത്ത്, എസ്ഐമാരായ എച്ച്. ഹർഷാദ്, വിപിൻരാജ്, എ. ജതി, റഹ്്മാൻ, വാളയാർ എസ്സിപിഒ ആർ. രഘു, സൗത്ത് എസ്സിപിഒ ആർ. രജീദ്, എൻ. സായൂജ്, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു അന്വേഷിച്ച് വരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.