മൂവാണ്ടനിൽ നേട്ടംകൊയ്ത് സിബി ഐസക് കുരിയത്തടം
1585014
Wednesday, August 20, 2025 1:14 AM IST
ജോജി തോമസ്
നെന്മാറ: കർഷകരുടെ നഷ്ടക്കണക്കുകൾക്കിടയിലും പുതുമയാർന്ന കൃഷിരീതികളുമായി നേട്ടംകൊയ്ത് ശ്രദ്ധനേടി വിത്തനശ്ശേരി സിബി ഐസക് കുരിയത്തടം.
42 വർഷമായി കാർഷികരംഗത്തുള്ള സിബിയുടെ മികവിനു അംഗീകാരവും പ്രശസ്തിയും ഏറുകയാണ്. കഴിഞ്ഞ ദിവസം കർഷകദിനത്തിൽ നെന്മാറ പഞ്ചായത്ത് തലത്തിലെ മികച്ച കർഷകനുള്ള ആദരവൊരുക്കി കൃഷിവകുപ്പ് അനുമോദിക്കുകയും ചെയ്തു.
വർഷം മുഴുവൻ വിളവെടുപ്പിലൂടെ ആദായംനേടാനാകുന്ന മാവുകൃഷിയിലൂടെയാണ് സിബി ശ്രദ്ധേയനാകുന്നത്. മൂന്നേക്കറിലായി 250 മൂവാണ്ടൻ മാവാണ് വർഷം മുഴുവൻ സിബിക്ക് ആദായം നേടിത്തരുന്നത്. കഴിഞ്ഞ 20 വർഷമായി മൂവാണ്ടൻ മാവുകൃഷി പരീക്ഷണത്തിലായിരുന്നു സിബി.
20 വർഷം മുമ്പുനട്ട മൂവാണ്ടൻ മാവുകളിലൂടെ ആദായം വർധിച്ചതോടെ പിന്നീട് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. 20, 15, 10 വർഷം എന്നിങ്ങനെ പല പ്രായത്തിലുള്ള മാവുകളാണ് അന്പത്തിയെട്ടുകാരനായ സിബിയുടെ കൃഷിയിടത്തിലുള്ളത്. മൂവാണ്ടൻ മാവായതിനാൽ സാധാരണ മാങ്ങാവിളവെടുപ്പ് സീസണിലും അതു കഴിഞ്ഞും വിളവു തരുന്നതു ഗുണകരമായിട്ടുണ്ട്.
സീസൺ കഴിഞ്ഞാലും മാങ്ങ ലഭ്യമായതിനാൽ നല്ല ആദായം ലഭിക്കുന്നുണ്ടെന്നു സിബി സാക്ഷ്യപ്പെടുത്തുന്നു.
മൂവാണ്ടൻമാവ് തോട്ടംകൃഷിയായി കർഷകർ ചെയ്യാറില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് തോട്ടമായി സിബി ഇതു പരിപാലിച്ചു വരുന്നത്. ഇതാണ് കൂടുതൽ ആദായത്തിന് പുതിയ വഴിതുറന്നു നൽകിയത്. സാധാരണ വീട്ടുവളപ്പുകളിലും കൃഷിയിടങ്ങളിലും എല്ലാം സീസണുകളിലും ഫലം തരുന്ന ഒന്നോ രണ്ടോ മൂവാണ്ടൻ മാവാണുണ്ടാവാറുള്ളത്. വളരെ ചെറുപ്രായത്തിൽ തന്നെ ആദായം തരുന്നതിനാലും കൂടുതൽ ശുശ്രൂഷ വേണ്ടാത്തതിനാലും മൂവാണ്ടൻ മാവുകൃഷി കർഷകർക്കു ഗുണകരമാകുമെന്നും സിബി പറയുന്നു.
മാവുകൃഷിക്കു പുറമെ നെല്ല്, തെങ്ങ്, പച്ചക്കറി തുടങ്ങിയ പരമ്പരാഗത കൃഷിയും സിബി തോട്ടത്തിൽ തുടർന്നുവരുന്നുണ്ട്. ഭാര്യ പ്രസന്നയും മകൻ ആൻഡ്രൂസ് കുരിയത്തടം എന്നിവരും കൃഷിയിൽ സഹായിക്കുന്നുണ്ട്. മകൾ തളിപ്പറമ്പിൽ നഴ്സിംഗ് വിദ്യാർഥിനിയാണ്.