പിഎസ്ജി കപ്പ് പുരുഷ അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെമുതൽ
1585607
Friday, August 22, 2025 1:38 AM IST
കോയന്പത്തൂർ: 59-ാമത് പുരുഷ പിഎസ്ജി കപ്പ് അഖിലേന്ത്യാ ബാസ്കറ്റ്ബോൾ ടൂർണമെന്റ് നാളെമുതൽ 27 വരെ കോയമ്പത്തൂരിലെ പീളമേട്ടിലുള്ള പിഎസ്ജി എൻജിനീയറിംഗ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ ബാസ്കറ്റ്ബോൾ ഫെഡറേഷന്റെ അംഗീകാരത്തോടെ നടക്കുന്ന ടൂർണമെന്റാണിത്.
അഖിലേന്ത്യാ തലത്തിലെ ഏറ്റവും മികച്ച 8 പുരുഷ ടീമുകളെ തെരഞ്ഞെടുത്ത് രണ്ട് ഗ്രൂപ്പായി വിഭജിച്ച് ആദ്യ മൂന്ന് ദിവസങ്ങൾ റൗണ്ട് റോബിൻ ഫോർമാറ്റിൽ കളിക്കും. തുടർന്ന് ഓരോന്നിലെയും മികച്ച രണ്ട്ടീമുകൾ സെമിഫൈനലിലേക്ക് യോഗ്യത നേടും. വിജയിക്കുന്ന ടീമുകൾ ഫൈനലിൽ കളിക്കും. ഇന്ത്യൻ ബാങ്ക് ചെന്നൈ, ബാങ്ക് ഓഫ് ബറോഡ ബാംഗ്ലൂർ, ഇന്ത്യൻ എയർഫോഴ്സ് ന്യൂഡൽഹി, രാജലക്ഷ്മി എച്ച്എസ്എ കോയമ്പത്തൂർ എന്നീ ടീമുകൾ എ ഗ്രൂപ്പിലും ഇന്ത്യൻ ആർമി ന്യൂഡൽഹി, ഇന്ത്യൻ ഓവർസീസ് ബാങ്ക് ചെന്നൈ, ഇന്ത്യൻ നേവി ലോണാവാല, കെഎസ്ഇബി കേരള എന്നീ ടീമുകൾ ബി ഗ്രൂപ്പിലും അണിനിരക്കും.
ഇന്ത്യൻ ടീമിൽ കളിക്കുന്ന 6 കളിക്കാർ വിവിധ ടീമുകളിൽ അണിനിരക്കും. ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ട്രോഫിയും രണ്ടാം സമ്മാനമായി 75,000 രൂപയും ട്രോഫിയും നൽകും. മൂന്നാംസ്ഥാനം നേടുന്ന ടീമിന് 50,000 രൂപയും നാലാംസ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും മികച്ച കായികതാരങ്ങൾക്ക് 10,000 രൂപയും നൽകും. മത്സരങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 5.30 ന് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. മത്സരങ്ങളുടെ ഉദ്ഘാടനം പിഎസ്ജി കാൻസർ സെന്റർ ഡയറക്ടർ ഡോ.ടി. ബാലാജി നിർവഹിക്കും.
പിഎസ്ജി ടെക്നിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.കെ. പ്രകാശം വിശിഷ്ടാതിഥിയായിരിക്കും. പിഎസ്ജി സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഡോ. രുദ്രമൂർത്തി അധ്യക്ഷത വഹിക്കും.
27 ന് വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിൽ കോയമ്പത്തൂർ ജില്ലാ മജിസ്ട്രേറ്റ് പവൻകുമാർ ജി. കിരിയപ്പനവർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സമ്മാനങ്ങൾ വിതരണം ചെയ്യും. പിഎസ്ജി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിംഗ് ട്രസ്റ്റി എൽ. ഗോപാലകൃഷ്ണൻ, കോയമ്പത്തൂർ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷൻ പ്രസിഡന്റും കോയമ്പത്തൂർ സിആർഐ പമ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ജി. സെൽവരാജ് എന്നിവർ മുഖ്യാതിഥികളാകും.