മാപ്പിളപ്പൊറ്റ പുഴയ്ക്കു കുറുകെ പാലം നിർമാണം; മണ്ണുപരിശോധന തുടങ്ങി
1585611
Friday, August 22, 2025 1:38 AM IST
വടക്കഞ്ചേരി: മാപ്പിളപ്പൊറ്റ -ചീളി ചിറ്റടി റോഡിൽ മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണുപരിശോധന തുടങ്ങി. വിവിധയിടങ്ങളിൽ കുഴിച്ച് മണ്ണ്, ചെളി, പാറയുടെ ഘടന, ബലം തുടങ്ങിയ പരിശോധനകളാണ് നടക്കുന്നത്. കഴിഞ്ഞ ആഴ്ച പാലം നിർമിക്കുന്നതിന്റെ ലെവൽ പരിശോധന നടന്നിരുന്നു. ഈ വേനൽ തീരുംമുമ്പേ പാലത്തിന്റെ നിർമാണപ്രവൃത്തികൾ പരമാവധി പൂർത്തിയാക്കാൻ ലക്ഷ്യംവച്ചാണ് സമയബന്ധിതമായി വർക്കുകൾ പുരോഗമിക്കുന്നത്.
നിലവിലുള്ള ചപ്പാത്തിനേക്കാൾ നാല് മീറ്റർ ഉയരത്തിൽ പുഴയിൽ പില്ലറുകൾ ഇല്ലാതെ 24 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക. പുഴയ്ക്ക് കുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണ് ഇപ്പോഴുള്ളത്.