ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും
1585010
Wednesday, August 20, 2025 1:14 AM IST
വടക്കഞ്ചേരി: പന്നിയങ്കര ടോൾപ്ലാസയിൽ ഏഴര കിലോമീറ്ററിലുള്ള പ്രദേശവാസികൾക്ക് സൗജന്യ യാത്രയ്ക്കുള്ള വാഹനരേഖകൾ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഈമാസം 31 വരെ രേഖകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് ടോൾവിഷയവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ തീരുമാനം.
ഈ ദൂരപരിധിയിലുള്ള പ്രദേശവാസികൾ പുതിയ വാഹനം വാങ്ങുമ്പോഴും സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴും സൗജന്യ യാത്രയ്ക്കുള്ള അപേക്ഷ നൽകിയാൽ കരാർകമ്പനി സ്വീകരിക്കും.
വാർഷിക ടോൾപാസ് എടുക്കുന്നവർക്ക് സൗജന്യ യാത്രാനുകൂല്യം ലഭ്യമാകില്ലെന്നും കരാർകമ്പനി പ്രതിനിധികൾ പറഞ്ഞു. പാതനിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾപിരിവ് നിർത്തിവയ്പ്പിക്കണമെന്ന ആവശ്യവുമായി പി.പി. സുമോദ് എംഎൽഎ ജില്ലാ കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ചുവട്ടുപാടം ഭാഗത്ത് പൂർത്തീകരിക്കാനുള്ള സർവീസ് റോഡ് ടെൻഡർ ആയിട്ടുണ്ട്. മഴ മാറി സെപ്റ്റംബർ മാസത്തോടുകൂടി പ്രവൃത്തി ആരംഭിക്കും.
ഇതിനു മുന്നോടിയായി എംഎൽഎ പ്രതിനിധിയും ദേശീയപാത അഥോറിറ്റി പ്രതിനിധിയും ടോൾകമ്പനി പ്രതിനിധികളും സംയുക്തമായി സ്ഥലം പരിശോധിച്ച് സർവീസ് റോഡിന്റെ പ്രശ്നങ്ങൾ പരിഹരിക്കും. കുതിരാൻ, വഴുക്കുംപാറ പാലം ഭാഗത്ത് രാത്രി കാലങ്ങളിൽ ലൈറ്റില്ലാത്തതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പരിഹരിക്കുന്നതിനായി വേണ്ടതായ പ്രവൃത്തി നടത്തും.
വടക്കഞ്ചേരി തങ്കം ജംഗ്ഷൻ മേൽപ്പാലം , മംഗലംപാലം എന്നിവ കുത്തിപ്പൊളിക്കുന്നത് നവംബറിൽ റോഡിന്റെ ഫുൾ ടാറിംഗ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നു കരാർകമ്പനി യോഗത്തിൽ അറിയിച്ചു.
മംഗലം ഇടതുകര കനാലിലേക്ക് തങ്കം ജംഗ്ഷനിലെ സർവീസ് റോഡ് ഡ്രൈനേജിലെ വെള്ളം കനാൽ വകുപ്പിന്റെ അനുമതിയില്ലാതെ കനാലിലേക്ക് ഒഴുക്കിവിടുന്നതു നിർത്തുന്നതിന് ആവശ്യമായ ബദൽ പരിഹാരമാർഗം കാണും. നേരത്തെ സൗജന്യയാത്ര അനുവദിച്ച വാഹനങ്ങൾക്ക് ലിമിറ്റ് എക്സീഡ് എന്ന രീതിയിൽ സൗജന്യ യാത്ര നിഷേധിക്കുന്നുണ്ടെന്നു എംഎൽഎ ചൂണ്ടിക്കാട്ടി. എന്നാൽ അത്തരം പരാതിയുണ്ടെങ്കിൽ ഓഫീസിൽ വന്നാൽ അതുപരിഹരിക്കാമെന്നും ടോൾ കരാർ കമ്പനി അറിയിച്ചു. മേൽപ്പാല നിർമാണങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് അടിയന്തരപരിഹാരം കാണും.
യോഗതീരുമാനങ്ങൾ നിശ്ചിത കലയളവിൽ നടപ്പാക്കിയില്ലെങ്കിൽ ടോൾപിരിവ് നിർത്തിവയ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും ധാരണയായിട്ടുണ്ട്. യോഗത്തിൽ എംഎൽഎ യെ കൂടാതെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. സുനിൽകുമാർ, ആർഡിഒ മണികണ്ഠൻ, ജോസഫ് സ്റ്റീഫൻ, എൽഎഎൻഎച്ചിലെ റോബി, ഡെപ്യൂട്ടി കളക്ടർ, ദേശീയപാത അഥോറിറ്റി പ്രതിനിധികൾ, വാളയാർ ടോൾകമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.