വടക്കഞ്ചേരി ടൗൺറോഡിലെ കച്ചവടവാഹനങ്ങൾ നീക്കി
1585615
Friday, August 22, 2025 1:38 AM IST
വടക്കഞ്ചേരി: നിയമങ്ങളും തീരുമാനങ്ങളും കാറ്റിൽപറത്തി വടക്കഞ്ചേരി ടൗണിൽ അനധികൃത കച്ചവടങ്ങൾമൂലം ടൗണിലെ വാഹനഗതാഗതം തന്നെ തടസപ്പെട്ടപ്പോൾ പോലീസ് ഇടപ്പെട്ടു.
നടുറോഡിൽ വാഹനംനിർത്തിയിട്ട് നടത്തിയിരുന്ന കച്ചവടവാഹനങ്ങൾ പോലീസ് നീക്കംചെയ്തു. അനധികൃതമായ കച്ചവടത്തിനെതിരെ പിഴ ചുമത്തുമെന്നു പോലീസ് പറഞ്ഞു.
എസ്ഐ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം ഒഴിപ്പിക്കൽ നടന്നത്. പോലീസ് പറഞ്ഞിട്ടും ചില പെട്ടിഓട്ടോകൾ റോഡിൽ നിന്നും മാറ്റിയില്ല.
ഈ വാഹനങ്ങളിലെ ത്രാസുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുമ്പൊക്കെ വൈകുന്നേരങ്ങളിലാണ് ഇത്തരം കച്ചവടക്കാർ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാൽ ഇപ്പോൾ അതെല്ലാംമാറി രാവിലെമുതൽ തിരക്കേറിയ മെയിൻറോഡിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് കച്ചവടം നടത്തുന്നത്. മുറികൾക്ക് വലിയ വാടകയും അര ഡസനിലേറെ ലൈസൻസുകളുമായി കച്ചവടം നടത്തുന്നവർക്കു മുന്നിലാണ് ഈ അനധികൃത കച്ചവടവും റോഡ് കൈയേറ്റങ്ങളും നടക്കുന്നത്.
തിരക്കേറിയ മന്ദം ജംഗ്ഷനിൽ ഫുട്പാത്ത് കൈയേറിയുള്ള സ്ഥിര കച്ചവടത്തിനു പുറമെ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ടും കച്ചവടമായതോടെ കാൽനടക്കാർക്കു വഴിയില്ലാതായി.
ടൗണിൽ കോ- ഓപറേറ്റിവ് ബാങ്കിനു സമീപത്തെ വളവിൽ ടാർ റോഡിൽ വലിയ കല്ലുകൾ വച്ച് സ്ഥലം സ്വന്തമാക്കിയാണ് കച്ചവടം. ടൗൺ റോഡിൽ കോ ഓപ്പറേറ്റീവ് ബാങ്ക് ജംഗ്ഷൻ മുതൽ ടിബി കവല, മന്ദം ജംഗ്ഷൻ, സുനിത ജംഗ്ഷൻ, തങ്കം ജംഗ്ഷൻ റോഡ് എല്ലായിടത്തുമുണ്ട് വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള അനധികൃത കച്ചവടങ്ങൾ.