നെല്ലിയാമ്പതി ചുരംറോഡിൽ മരം കടപുഴകിവീണ് ഗതാഗതം മുടങ്ങി
1585012
Wednesday, August 20, 2025 1:14 AM IST
നെന്മാറ: നെല്ലിയാമ്പതി ചുരംറോഡിൽ മരംകടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. നെന്മാറ- നെല്ലിയാമ്പതി ചുരംറോഡിൽ കുണ്ടർചോലയ്ക്കു സമീപമാണ് വൻമരം മൂന്നരയോടെയുണ്ടായ മഴയിലും കാറ്റിലും കടപുഴകി വീണത്.
മരം വീഴുന്ന സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. റോഡിനു കുറുകെ മരം കിടന്നതിനാൽ നെല്ലിയാമ്പതിയിലേക്കുള്ള വാഹനങ്ങളും തിരിച്ചുമുള്ള വാഹനങ്ങളും റോഡിൽ മൂന്നു മണിക്കൂറിലേറെ കുടുങ്ങി. മൊബൈൽ റേഞ്ച് ഇല്ലാത്ത സ്ഥലമായതിനാൽ ഇരുചക്രവാഹന യാത്രക്കാർ ഏറെ ദൂരം സഞ്ചരിച്ചാണ് പോത്തുണ്ടി വനം ചെക്ക്പോസ്റ്റിലും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്.
മൊബൈൽ റേഞ്ചില്ലാത്ത സ്ഥലം ആയതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കാനും വൈകി. കൊല്ലങ്കോട്ടുനിന്ന് അഗ്നി രക്ഷാസേനയും വനം ജീവനക്കാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഭാഗികമായി മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
വലിപ്പം കൂടിയ മരമായതിനാൽ മുറിച്ചുമാറ്റിയ കഷണങ്ങളും മറ്റും നീക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.