പോത്തുണ്ടി അണക്കെട്ടിലെ പുല്ലുവെട്ടൽ തുടങ്ങി
1585439
Thursday, August 21, 2025 7:06 AM IST
നെന്മാറ: പോത്തുണ്ടിഡാമിലെ അണക്കെട്ടിലെ പുല്ലുകൾ വെട്ടിമാറ്റി വൃത്തിയാക്കാൻ ആരംഭിച്ചു. പൂർണമായും മണ്ണിൽ നിർമിച്ച അണക്കെട്ടിലെ വെള്ളം സംഭരിക്കാത്ത പുറംഭാഗത്ത് വളർന്നുനിൽക്കുന്ന പാഴ്ചെടികളും പുല്ലുമാണ് വെട്ടി വൃത്തിയാക്കുന്നത്.
ഓണത്തിന് കൂടുതൽ സന്ദർശകരെത്തുന്നതിന് മുന്നോടിയായി ഡാം പരിസരം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ഒരാഴ്ചയോളമായി പുല്ലുവെട്ടി യന്ത്രം ഉപയോഗിച്ചുള്ള വൃത്തിയാക്കാൻ അണക്കെട്ടിന്റെ പകുതിയിലേറെ ദൂരം പൂർത്തിയായി.
നെല്ലിയാമ്പതി റോഡ് ഭാഗത്തുനിന്ന് തുടങ്ങിയ പുല്ലുവെട്ടൽ അണക്കെട്ടിന്റെ മധ്യഭാഗം വരെ എത്തി. ആകെ ഒന്നര കിലോമീറ്ററോളം ദൂരം (1450 മീറ്റർ) നീളമുള്ള അണക്കെട്ടാണിത്. നിലവിൽ പാഴ്ചെടികളും പുല്ലും വള്ളിപ്പടർപ്പുകളും കയറി ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുകയായിരുന്നു. സാധാരണ വർഷത്തിൽ രണ്ട് പ്രാവശ്യം വെട്ടി വൃത്തിയാക്കുന്നത് ഡാം സുരക്ഷയുടെ ഭാഗമായി പതിവുള്ളതാണ്.