പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ് പ്രവൃത്തിക്കു തുടക്കമാകുന്നു
1585421
Thursday, August 21, 2025 7:06 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്കായി 10 കോടിയുടെ പുതിയ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണ പ്രവൃത്തികൾക്ക് തുടക്കമാവുന്നു. ജീർണാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി 10 കോടി രൂപ ചെലവിലാണ് ഫ്ളാറ്റ് മാതൃകയിൽ പുതിയ കെട്ടിടം നിർമിക്കുന്നത്. 2019-20 ലെ സംസ്ഥാന ബജറ്റിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണത്തിനായി തുക വകയിരുത്തിയിരുന്നു. ഇത് പ്രകാരം ആധുനിക സൗകര്യങ്ങളുള്ള ഗ്രൗണ്ട് ഫ്ലോർ അടക്കം ആറു നിലകളോടുകൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ആകെ 2566 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ 15 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടാകും. കാർ പാർക്കിംഗ്, ലോബി, ലോഞ്ച്, ലിഫ്റ്റ്, സ്റ്റെയർകേസുകൾ, കിടപ്പുമുറികൾ, അറ്റാച്ച്ഡ് ശൂചിമുറികൾ, ഡ്രോയിംഗ് ആൻഡ് ഡൈനിംഗ് റൂം, അടുക്കള, വർക്ക് ഏരിയ എന്നിവയുണ്ടാകും. ടെറസ് ഫ്ലോറിൽ ജിഐ ഷീറ്റ് ഉപയോഗിച്ചുള്ള റൂഫിംഗ് സൗകര്യവും ഒരുക്കും. 891.49 ലക്ഷം രൂപ സിവിൽ പ്രവൃത്തികൾക്കായി 8.9 കോടി രൂപയും ഇലക്ട്രിക്കൽ പ്രവൃത്തികൾക്ക് 1.1 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.