ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം ലാഭകരം; കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിച്ചേക്കും
1585604
Friday, August 22, 2025 1:38 AM IST
ഒറ്റപ്പാലം: എറണാകുളം ജംഗ്ഷൻ-കാരയ്ക്കൽ ടീഗാർഡൻ എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ്പനുവദിച്ചത് വരുമാനത്തിലെ വർധനവ് കണക്കിലെടുത്ത്. തികച്ചും ലാഭകരമായ നിലയിലാണ് ഇപ്പോൾ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ എണ്ണത്തിലും റിസർവേഷന്റെ കാര്യത്തിലും ഒറ്റപ്പാലം റെയിൽവേസ്റ്റേഷൻ കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. എറണാകുളം ജംഗ്ഷൻ-കാരയ്ക്കൽ ടീഗാർഡൻ എക്സ്പ്രസിന്റെ സ്റ്റോപ്പ് കോവിഡ്കാലത്ത് നിർത്തലാക്കിയിരുന്നു. ഈ സ്റ്റോപ്പാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുള്ളത്. എറണാകുളത്തേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും ഒറ്റപ്പാലത്ത് ഈ ട്രെയിൻ നിർത്തിത്തുടങ്ങി.
പാലക്കാട്-ഷൊർണൂർ പാതയിലെ പ്രധാന സ്റ്റേഷനായ ഒറ്റപ്പാലത്ത് ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ടീഗാർഡൻ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എംപിയും റെയിൽവേ അധികൃതരെ സമീപിച്ചിരുന്നു.
എറണാകുളം ജംഗ്ഷനിലേക്കുള്ള യാത്രയിൽ പുലർച്ചെ 3.35 നാണ് ട്രെയിൻ ഒറ്റപ്പാലത്ത് എത്തുന്നത്. രാവിലെ 6.50 ന് എറണാകുളത്ത് എത്തിച്ചേരും. കാരയ്ക്കൽ ഭാഗത്തേക്കുള്ള യാത്രയിൽ പുലർച്ചെ 1.13 നും ട്രെയിൻ ഒറ്റപ്പാലത്ത് നിർത്തും. രാത്രി 10.25 ന് എറണാകുളത്ത് നിന്ന് യാത്രയാരംഭിക്കും. അഞ്ച് വർഷങ്ങൾക്കുശേഷമാണ് ഇവിടെ വീണ്ടും വണ്ടിക്ക് സ്റ്റോപ്പ് തിരിച്ചുകിട്ടിയത്.
വാർഷിക വരുമാനം കൂടിയതോടെ നോൺ സബർബൻ ഗ്രൂപ്പ് (എൻഎസ്ജി) മൂന്നിലേക്ക് ഒറ്റപ്പാലം സ്റ്റേഷനെ ഉയർത്തിയിരുന്നു. കഴിഞ്ഞവർഷം 20 കോടിരൂപയായിരുന്നു ഒറ്റപ്പാലത്തിന്റെ വരുമാനം.