പാലക്കാടിന് ഓണസമ്മാനം: മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ഇന്ന്
1585618
Friday, August 22, 2025 1:39 AM IST
പാലക്കാട്: വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡ് ഇന്നുമുതൽ ഈ മാസം ബസ് സ്റ്റാൻഡായി പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.
ഇന്നുവൈകുന്നേരം നാലിന് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അധ്യക്ഷയാകും. പൂർണതോതിലുള്ള പ്രവർത്തനത്തിന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് സജ്ജമായിട്ടുണ്ട്.
മോട്ടാർവാഹന വകുപ്പ് നിർദേശിച്ച എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. ഇന്നുമുതൽ സ്റ്റാൻഡിൽ പോലീസ് സേവനവും ലഭ്യമാകും.
വി.കെ. ശ്രീകണ്ഠൻ എംപി ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 2.26 കോടി രൂപ ചെലവിലാണ് ബസ് ടെർമിനൽ നിർമിച്ചിട്ടുള്ളത്. 1.1 കോടി രൂപ ചെലവിൽ യാഡ്, ശുചിമുറി ഉൾപ്പെടെ നഗരസഭയും അടിസ്ഥാന സൗകര്യം ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, കോങ്ങാട്, മുണ്ടൂർ വഴിയുള്ള ബസുകൾ നാളെമുതൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നുതന്നെ സർവീസ് ആരംഭിക്കും. സ്റ്റേഡിയം സ്റ്റാൻഡിലേക്കു പോകില്ല. നഗരസഭാധ്യക്ഷ പ്രമീള ശശിധരന്റെ അധ്യക്ഷതയിൽ നടന്ന ട്രാഫിക് റഗുലേറ്ററി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.
ഏറെ വിവാദങ്ങൾക്കു ചുവടുപിടിച്ചാണ് ബസ് സ്റ്റാൻഡ് യാഥാർഥ്യമാകുന്നത്. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ടു എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനു നഗരസഭ കത്തുനൽകിയതാണ് പുതിയ വിവാദത്തിനു വഴിതുറക്കുന്നത്.