മലമ്പുഴയിലെ മാലിന്യസംസ്കരണ യൂണിറ്റ്: ആശങ്ക വേണ്ടെന്നു കളക്ടർ
1585431
Thursday, August 21, 2025 7:06 AM IST
പാലക്കാട്: മലമ്പുഴയിൽ നിർമിക്കാനിരിക്കുന്ന മാലിന്യസംസ്കരണ യൂണിറ്റുമായി ബന്ധപ്പെട്ട് ആശങ്കവേണ്ടെന്നു ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. പാലക്കാട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
മാലിന്യസംസ്കരണ യൂണിറ്റിന്റെ പ്രാഥമിക പരിശോധനയാണു നടക്കുന്നത്. പരിസ്ഥിതിക്ക് ദോഷമേൽക്കാത്ത രീതിയിലായിരിക്കും പ്രവർത്തനങ്ങൾ. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളെ ബോധവത്കരിക്കും.
മാലിന്യസംസ്കരണ രംഗത്ത് മികച്ച മാതൃകയാണ് സംസ്ഥാനത്തു നടക്കുന്നത്. അതിന്റെ ഗുണവശങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ ജില്ലാ ഭരണകേന്ദ്രം പ്രവർത്തിക്കും.
വന്യജീവി ആക്രമണം കുറയ്ക്കാനുള്ള ഇടപെടലുകൾ സജീവമാക്കും. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കു പ്രവേശിക്കാതിരിക്കാൻ എഐ കാമറ തുടങ്ങിയ ആധുനിക രീതികൾ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും.
കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്നുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളെ നേരിടാനുള്ള പ്രവർത്തനങ്ങൾ നടത്തും. കാലാവസ്ഥ കൃത്യമായി മനസ്സിലാക്കാൻ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിക്കും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ മഴയളക്കാൻ റെയിൻ ഗേജുകൾ സ്ഥാപിക്കും. ജില്ലയിലെ ലഹരിവ്യാപനം തടയാൻ സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികൾക്ക് കൂടുതൽ പ്രധാന്യം നൽകും.
സർക്കാർ നിർദേശമനുസരിച്ച് നെൽക്കർഷകരുടെ പ്രയാസങ്ങൾ പരിഹരിക്കും. അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്നും കളക്ടർ പറഞ്ഞു.
പ്രസിഡന്റ് നോബിൾ ജോസ്, സെക്രട്ടറി എം. ശ്രീനേഷ്, ട്രഷറർ ടി.എസ്. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.