രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പ്രതിഷേധം
1585619
Friday, August 22, 2025 1:39 AM IST
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ അശ്ലീല വിവാദപരാമര്‍ശങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂര്‍ റോഡിലുള്ള എംഎല്‍എ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധമാര്‍ച്ച് നടത്തി. മാന്യതയുടെ ഒരംശമെങ്കിലും രാഹുലില്‍ ബാക്കി നില്ക്കുന്നുണ്ടെങ്കില് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
എംഎല്‍എ സ്ഥാനം രാജിവയ്ക്കുംവരെ പ്രതിഷേധം തുടരുമെന്നും രാഹുലിനെ ഒരുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്. ജയദേവന് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം രാഹുല്‍മാങ്കൂട്ടത്തിലിനെ പാലക്കാട്ട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും അഭിപ്രായപ്പെട്ടു യുവമോർച്ചയും രംഗത്തെത്തി. എംഎല്‍എ ഓഫീസിലേക്ക് പൂവന്‍കോഴിയുമായി മഹിളാമോര്‍ച്ച പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് നടത്തി. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതുവരെ സമരവുമയി ബിജെപി മുന്നോട്ടുപോകുമെന്നു സംസ്ഥാനനേതാവ് കൃഷ്ണകുമാര്‍ പറഞ്ഞു.
പാലക്കാട്: ലൈംഗിക ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും തെളിവു സഹിതം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. എംഎൽഎയുടെ പാലക്കാട് ഓഫീസിന് മുന്നിലേക്കു നടത്തിയ കോലംകത്തിച്ചായിരുന്നു പ്രതിഷേധം.
മഹിളാ അസോസിയേഷൻ നേതാവും കോങ്ങാട് എംഎൽഎയുമായ അഡ്വ. കെ. ശാന്തകുമാരി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുബൈദ ഇസാക്ക്, കെ. ബിനുമോൾ, കെ. ഓമന, എൻ. സരിത, അഡ്വ.വി.എൻ. ഷീജ കുമാരി എന്നിവർ നേതൃത്വം നൽകി.