പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടും: മുഖ്യമന്ത്രി
Monday, September 23, 2019 11:25 PM IST
കണ്ണാറ(പീച്ചി): കേരളം പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്തു നല്ല വിളവെടുപ്പാണ് ഉണ്ടായത്. പീച്ചി കണ്ണാറയിൽ ബനാന ആൻഡ് ഹണി പാർക്കിന്റെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മാർക്കറ്റിലേക്കും വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കും സാധനങ്ങൾ എത്തിക്കാൻ ശീതീകരണ സംവിധാനങ്ങളുള്ള വാഹനങ്ങൾ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വാർഡുകളിലും തെങ്ങ് നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം 500 പഞ്ചായത്തുകളിലെ വാർഡുകളിൽ 75 തെങ്ങിൻതൈ വീതം നട്ടു തുടക്കമിട്ടിട്ടുണ്ട്. തകർച്ച നേരിടുന്ന റബറിൽനിന്നു കരകയറാൻ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ചിട്ടുണ്ട്. റബർ ബാൻഡ് മുതൽ ടയർ വരെയുള്ള ഉത്പന്നങ്ങൾ കമ്പനിവഴി നിർമിച്ച് വിപണനം നടത്താനാവും. കണ്ണാറയിൽ വാഴപ്പഴം, തേൻ പാർക്കിനു പുറമേ, കോഴിക്കോട്ട് നാളികേര പാർക്ക്, പാലക്കാട് മുതലമടയിൽ മാമ്പഴ പാർക്ക്, ഇടുക്കി വട്ടവടയിൽ പച്ചക്കറി പാർക്ക് എന്നിങ്ങനെ അഞ്ചു കാർഷിക പാർക്കുകൾ ആരംഭിക്കും. ഇതിനായി കിഫ്ബി വഴി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് കെ.രാജൻ മുഖ്യമന്ത്രിക്കു തേൻ നിറച്ച കുംഭം നൽകി.
ഇ.ടി. ടൈസൻ മാസ്റ്റർ എംഎൽഎ, സ്പെഷൽ സെക്രട്ടറി ഡോ. രത്തൻ യു.ഖേൽക്കർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ.ചന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി പി.എസ്. വിനയൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അനിത തുടങ്ങിയവർ പങ്കെടുത്തു.