ധർമദാനം
Tuesday, March 21, 2023 1:10 AM IST
ഫാ. മൈക്കിൾ കാരിമറ്റം
“നീ ധർമദാനം ചെയ്യുന്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും’’(മത്താ 6,2-4).
നോന്പാചരണത്തിന്റെ മൂന്നു തൂണുകളായി ധർമദാനം, പ്രാർഥന, ഉപവാസം എന്നിവ കത്തോലിക്കസഭയിൽ പരന്പരാഗതമായി പരിഗണിക്കപ്പെടുന്നു. അടുത്തകാലത്ത് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം പ്രത്യേകം അനുസ്മരിക്കുകയുണ്ടായി. ക്രിയാത്മകമായ സ്നേഹത്തിന്റെ ഒരു പ്രകടനമാണു ധർമദാനം. അവശത അനുഭവിക്കുന്നവരുമായി സന്പത്തു പങ്കുവയ്ക്കുക. ആദിമ ക്രൈസ്തവസമൂഹത്തിന്റെ ഒരു മുഖമുദ്രയായിരുന്നു പങ്കുവയ്ക്കുന്ന സ്നേഹം (അപ്പ 2,43-46; 3,32-56).
എല്ലാ മതങ്ങളും നിർദേശിക്കുന്നതാണ് ധർമദാനം. ഈ പേരുതന്നെ ശ്രദ്ധേയമാണ്. ദാനം ചെയ്യുക എന്നത് ധർമമായി, കടമയായി, പരിഗണിക്കണം എന്നാണല്ലോ അത് അനുസ്മരിപ്പിക്കുന്നത്. ലാഭവിഹിതം ദാനമായി നൽകുന്ന ‘സക്കാത്ത്’ എന്ന നിയമം ഇസ്ലാം മതം കർശനമായി അനുശാസിക്കുന്നുണ്ട്. ദരിദ്രർക്കു ദാനം ചെയ്യുന്നത് ഒരു സത്കൃത്യവും കടമയുമായി പൊതുവേ കരുതപ്പെടുന്നു. യേശു നൽകുന്ന പുതിയ നിയമത്തിൽ ധർമദാനത്തിനു വലിയസ്ഥാനമുണ്ട്. അതേസമയം, യേശു അവതരിപ്പിക്കുന്ന നിയമത്തിന്റെ പുതുമ പ്രത്യേകശ്രദ്ധയാകർഷിക്കുന്നു. അതാണ് ആരംഭത്തിൽ ഉദ്ധരിച്ച തിരുവചനം അനുസ്മരിപ്പിക്കുന്നത്.
സാബത്തിലും മറ്റുചില പ്രധാന തിരുനാളുകളിലും ധനികർ ദരിദ്രർക്കു ദാനം ചെയ്യാറുണ്ടായിരുന്നു. പൊതുസ്ഥലത്തുവച്ചായിരിക്കും ഈ ദാനം നൽകൽ. ദാനം സ്വീകരിക്കാൻ ആവശ്യവും താത്പര്യവുമുള്ളവരെ വിളിച്ചുകൂട്ടാനായി കാഹളം മുഴക്കും. അതുകേട്ട് ഭിക്ഷ സ്വീകരിക്കാൻ വരുന്നവർക്കു ധനികർ ദാനം നൽകുന്നു. ഭിക്ഷകിട്ടിയവനു സന്തോഷം; ഭിക്ഷകൊടുക്കുന്നവന് അഭിമാനം; സത്കീർത്തി. ഇതു നല്ലകാര്യമല്ലേ? പിന്നെ എന്തേ യേശു ഇതിനെ വിലക്കുന്നു?
ദാനം കൊടുക്കുന്നതും സ്വീകരിക്കുന്നതും നല്ലതുതന്നെ. എന്നാൽ കൊടുക്കുന്നവന്റെ മനോഭാവവും സ്വീകരിക്കുന്നവന് ഉണ്ടാകാവുന്ന അഭിമാനക്ഷതവും കാണാതെ പോകരുത്. ദാനധർമത്തെ തന്റെ കീർത്തി വർധിപ്പിക്കാനായി ചെയ്യുന്ന ഒരു പരസ്യമായി അധഃപതിക്കരുത് എന്ന് അനുസ്മരിപ്പിക്കുകയും അനുശാസിക്കുകയുമാണു യേശു ചെയ്യുന്നത്. മതാത്മക പ്രവർത്തനങ്ങൾ പരസ്യപ്പലകകളാകരുത്. ധർമദാനം, പ്രാർഥന, ഉപവാസം എന്നീ മൂന്നു കാര്യങ്ങൾക്കും ഈ താക്കീതു പ്രസക്തമാണ്.
എന്നും പ്രാധാന്യമുള്ളതാണ് ഈ ഓർമപ്പെടുത്തൽ. ആവശ്യക്കാരനെ തിരിച്ചറിഞ്ഞ്, കഴിവിനൊത്തു സഹായിക്കുക. എന്നാൽ, അതു സ്വന്തം കീർത്തി വർധിപ്പിക്കാനോ സ്വീകരിക്കുന്നവനെ ചെറുതാക്കി കാണിക്കാനോ ഇടയാക്കരുത്. ഇന്നു നിലനിൽക്കുന്ന പല ആചാരങ്ങളും ഈ താക്കീതിന്റെ വെളിച്ചത്തിൽ വിലക്കപ്പെടേണ്ടതുണ്ട്.
പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ചു നടത്തുന്ന ഊട്ടുനേർച്ചകൾ, വീടു നിർമിച്ചുകൊടുക്കൽ, ഭക്ഷണപ്പൊതി വിതരണം, അന്നദാനം, വസ്ത്രദാനം തുടങ്ങി അനേകം ദാനങ്ങൾ - എല്ലാം നല്ലതുതന്നെ. പക്ഷേ, അവയ്ക്കുവേണ്ടി പത്രപരസ്യങ്ങൾ, സപ്ലിമെന്റുകൾ, വഴിനീളെ പോസ്റ്ററുകൾ, ബാനറുകൾ ഒക്കെയാകുന്പോൾ ആവശ്യക്കാരനെ സഹായിക്കുക എന്നതിലുപരി ദാതാവിന്റെ കീർത്തി വർധിപ്പിക്കലാണോ ലക്ഷ്യം എന്ന സംശയം ഉയരും. മറ്റുള്ളവരെ കാണിച്ചു വലിപ്പം നടിക്കാനുള്ള പ്രവണത ഒഴിവാക്കാൻ ഈ ഗുരുവചനം അനുശാസിക്കുന്നു.