യൂണിറ്റിന് 10 പൈസ സർചാർജ് പിരിക്കാൻ വൈദ്യുതി ബോർഡിന് അനുമതി
Wednesday, May 31, 2023 1:30 AM IST
തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ വൈദ്യുതിബോർഡിനു സ്വന്തമായി ഉപയോക്താക്കളിൽനിന്ന് പിരിക്കാവുന്ന സർചാർജ് പ്രതിമാസം യൂണിറ്റിന് 10 പൈസ. ഇതു സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
കരട് വൈദ്യുതി താരിഫ് ചട്ടത്തിൽ പരമാവധി ഒരു യൂണിറ്റിന് 20 പൈസ വരെ പിരിക്കാമെന്നായിരുന്നു നിർദേശം. എന്നാൽ, വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പിനു ശേഷം ഇറക്കിയ അന്തിമചട്ടങ്ങളിലാണ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ പിരിക്കാവുന്ന സർജാർജ് യൂണിറ്റിന് 10 പൈസയായി നിജപ്പെടുത്തിയത്.
ഓരോ മാസവും സർചാർജിൽ മാറ്റം വരുന്നതിനാൽ ഗാർഹിക ഉപയോക്താക്കളുടെ രണ്ടു മാസത്തെ ബില്ലിൽ രണ്ടുമാസത്തെ ശരാശരി സർചാർജ് നിരക്കാണ് ഈടാക്കേണ്ടതെന്നും വ്യക്തമാക്കി. സർ ചാർജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള കണക്കുകൾ ഓഡിറ്റർ പരിശോധിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. 10 പൈസ സർചാർജ് എന്നത് ജൂണിൽ നിലവിൽ വരും.
വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 41 പൈസ കൂട്ടണമെന്ന ആവശ്യവും നിലവിൽ വൈദ്യുതിബോർഡ് കമ്മീഷനു മുന്നിൽ വച്ചിട്ടുണ്ട്.