കർഷക പെൻഷൻ പദ്ധതി നിലച്ചു
Thursday, May 23, 2024 2:39 AM IST
റെനീഷ് മാത്യു
കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നിർത്താൻ സർക്കാർ നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിയിരിക്കുകയാണ്. കർഷക ക്ഷേമനിധി പെൻഷനുവേണ്ടിയുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈനായി നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണു കൃഷിമന്ത്രി തുറന്നുകൊടുത്തത്.
എന്നാൽ, ഇന്നലെ വരെ 18,404 പേർ രജിസ്റ്റർ ചെയ്തെങ്കിലും 15,343 പേരുടെ രജിസ്ട്രേഷൻ മാത്രമാണു പൂർത്തിയായിരിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിന് 30 മാസം പിന്നിട്ടപ്പോഴും 20,000 അംഗങ്ങളെപ്പോലും ചേർക്കാൻ സാധിച്ചില്ല.
പെൻഷൻ പദ്ധതിക്കു കൃഷിവകുപ്പ് മുഖേന പ്രചാരണം നടത്താൻ നിർദേശം നൽകിയെങ്കിലും ഇപ്പോൾ അംഗങ്ങളെ ചേർക്കാൻ പ്രചാരണം വേണ്ടെന്നാണു കൃഷി ഓഫീസർമാർക്കു ലഭിച്ച നിർദേശം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്പു പ്രഖ്യാപിച്ച കർഷക പെൻഷൻ പദ്ധതി മന്ത്രിസഭ അംഗീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 22 പേരെ ഉൾപ്പെടുത്തി കർഷക ക്ഷേമനിധി ബോർഡ് രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ഇടതുപക്ഷ സർക്കാരിനു തുടർഭരണം ലഭിക്കാൻ ഇടയാക്കിയതിനു പിന്നിലും കർഷക പെൻഷൻ പദ്ധതിക്കു പങ്കുണ്ടെന്നു വിലയിരുത്തപ്പെട്ടിരുന്നു. സംസ്ഥാനതലത്തിൽ പദ്ധതിയുടെ അവലോകനം കർഷക ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നടത്തിവന്നിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്നു മാസമായി പദ്ധതി അവലോകനം നടത്തുന്നില്ല. രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കാൻ കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരേണ്ടതില്ലെന്നാണ് ഇവർക്കു ലഭിച്ച നിർദേശം.
രജിസ്ട്രേഷൻ പൂർത്തിയാക്കുന്ന കർഷകർക്കു പ്രതിമാസം അംശാദായം അടയ്ക്കാനുള്ള കുറഞ്ഞ തുക 100 രൂപയാണ്. എന്നാൽ, അംഗങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം പ്രതിമാസ വിഹിതം ഉയർന്ന നിരക്കിൽ അടയ്ക്കാവുന്നതാണ്. 100 രൂപ കർഷകൻ അടച്ചുകഴിഞ്ഞാൽ 100 രൂപ സർക്കാർ അടയ്ക്കണം.
ഇങ്ങനെ 250 രൂപ വരെ സർക്കാരിന്റെ വിഹിതമായി അടയ്ക്കും. എന്നാൽ, നിലവിൽ കഴിഞ്ഞ 30 മാസമായി സർക്കാർ വിഹിതം അടച്ചിട്ടില്ല. കർഷകർ അടച്ച തുക മാത്രമാണ് ബാങ്കിലുള്ളത്. അതിനാൽ, കർഷകരുടെ തുകയ്ക്കുള്ള പലിശ മാത്രമാണു ബാങ്കിലുള്ളത്.
അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും ക്ഷേമനിധി കുടിശികയില്ലാതെ 60 വയസു വരെ അംശാദായം അടച്ച് അംഗമായി തുടരുകയും ചെയ്ത കർഷകർക്കാണ് അടച്ച തുകയുടെയും കാലയളവിന്റെയും ആനുപാതികമായി പദ്ധതി പ്രകാരമുള്ള തുക പെൻഷനായി ലഭിക്കുന്നത്. കൂടാതെ, പദ്ധതിയിൽ ചേരുന്നവർക്ക് നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. 2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്കു പെൻഷൻ കൊടുത്തു തുടങ്ങേണ്ടതാണ്.
എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ ഇതുവരെയും തീരുമാനമാനമെടുത്തിട്ടില്ല.