വിവാദമായി കോഴശബ്ദം
Saturday, May 25, 2024 2:15 AM IST
തിരുവനന്തപുരം: മദ്യനയത്തിൽ അനുകൂല മാറ്റം വരുത്താൻ സർക്കാരിനു കോഴ നൽകണമെന്നു പറയുന്ന ബാർ ഹോട്ടൽ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്ദരേഖ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ചു. പ്രതിപക്ഷം എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ രാജി ആവശ്യപ്പെട്ടു രംഗത്തു വന്നു.
ഇതേസമയം, ശബ്ദരേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എം.ബി. രാജേഷ് സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകി. സംഭവത്തിൽ എക്സൈസിന്റെ ഇന്റേണൽ വിജിലൻസ് പ്രാഥമിക പരിശോധന ആരംഭിച്ചു. ഇതിനിടെ ആരോപണം അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് കേരള ബാർ ഹോട്ടൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽകുമാർ രംഗത്തെത്തി.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീക്കിയാലുടൻ മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് ശബ്ദരേഖ പുറത്തു വരുന്നത്. ഐടി പാർക്കുകളിൽ മദ്യവില്പനയ്ക്ക് അനുമതി നൽകുന്ന ചട്ടഭേദഗതി കഴിഞ്ഞ ദിവസം നിയമസഭാ സമിതി അംഗീകരിച്ചിരുന്നു. ഡ്രൈ ഡേ ഒഴിവാക്കുമെന്നും ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുമെന്നുമുള്ള വാർത്തകളും വന്നിരുന്നു.
അസോസിയേഷൻ നേതാവായ അനിമോൻ ഇടുക്കി ജില്ലയിലെ ബാർ ഹോട്ടലുടമകൾക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് രണ്ടര ലക്ഷം രൂപ വീതം നൽകാൻ ആവശ്യപ്പെടുന്നത്. പണം കൊടുക്കാതെ ആരും നമ്മെ സഹായിക്കില്ലെന്നും തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പുതിയ മദ്യനയം വരുമെന്നും പറയുന്നുണ്ട്. ഡ്രൈ ഡേ എടുത്തുകളയുമെന്നും അതു ചെയ്തു തരാൻ കൊടുക്കേണ്ടതു കൊടുക്കണമെന്നും ശബ്ദരേഖയിൽ പറയുന്നു.
പിരിവു നടത്തിയത് അസോസിയേഷൻ ഓഫീസ് ബിൽഡിംഗ് വാങ്ങാനാണെന്നാണ് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാറിന്റെ വിശദീകരണം. സംഘടനയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ആളാണ് അനിമോൻ എന്നും സുനിൽകുമാർ പറഞ്ഞു. മദ്യനയം സിപിഎമ്മിൽ പോലും ചർച്ച ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം.
സിപിഎമ്മിലും എൽഡിഎഫിലും ചർച്ച ചെയ്ത് സർക്കാരിനു ശിപാർശ സമർപ്പിച്ചതിനു ശേഷമേ മദ്യനയം ആകുകയുള്ളു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കോഴ ആരോപണത്തിൽനിന്ന് അകലം പാലിച്ചു നിൽക്കുകയാണു സർക്കാർ.
മദ്യനയത്തെ സ്വാധീനിക്കാൻ എന്നപേരിൽ ആരെങ്കിലും പണപ്പിരിവ് നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ആരോപണം ഉന്നയിച്ച ശബ്ദരേഖയേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കു രാജേഷ് പരാതിയും നൽകി.
എന്നാൽ, എം.ബി. രാജേഷ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ഈയാവശ്യം ഉന്നയിച്ചു. ആരോപണത്തെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരനും ആവശ്യപ്പെട്ടു.
നിയമസഭാ സമ്മേളനം അടുത്ത മാസം 10ന് ആരംഭിക്കാനിരിക്കെ പുതിയ വിവാദം പിണറായി സർക്കാരിനു തലവേദന സൃഷ്ടിക്കാൻ പോരുന്നതാണ്. അസോസിയേഷന്റെ നേതൃസ്ഥാനത്തുള്ളയാൾ തന്നെ ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരാൻ സാധ്യതയുണ്ട്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ബാർ കോഴ വിവാദത്തിനു പകരമായ ആയുധമായാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. സർക്കാരിനാകട്ടെ മദ്യനയത്തിൽ ഇളവുകൾ വരുത്താൻ ഇനി പലവട്ടം ആലോചിക്കേണ്ടിയും വരും.
ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിനെതിരായി ഉയർന്ന ബാർ കോഴ ആരോപണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. മന്ത്രി എം.ബി രാജേഷ് ഡിജിപിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം