ഗുണ്ടാ നേതാവിന്റെ വിരുന്നുണ്ട് ഡിവൈഎസ്പിയും പോലീസുകാരും
Tuesday, May 28, 2024 1:28 AM IST
ആലപ്പുഴ/ അങ്കമാലി: ഗുണ്ടകൾക്കെതിരേ നടപടി കർശനമാക്കിയിരിക്കെ ഗുണ്ടാ ലിസ്റ്റിലെ പ്രമുഖൻ ഒരുക്കിയ വിരുന്നിൽ ഡിവൈഎസ്പിയും പോലീസുകാരും പങ്കെടുത്തത് സർക്കാരിനും പോലീസ് സേനയ്ക്കും നാണക്കേടായി.
ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ ഒരുക്കിയ വിരുന്നിൽ ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം.ജി. സാബുവും മൂന്നു പോലീസുകാരുമാണ് എത്തിയത്. ഞായറാഴ്ചയായിരുന്നു സംഭവം.
കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണ്ടാ നേതാവായ തമ്മനം ഫൈസല്‍ ഏതാനും വര്‍ഷങ്ങളായി അങ്കമാലി പുളിയനത്താണു വാസം. ആദ്യം വാടകയ്ക്കാണു താമസിച്ചിരുന്നതെങ്കിലും പിന്നീട് സ്വന്തം വീടു വച്ചു. കുടുംബം ഇവിടെ താമസമുണ്ടെങ്കിലും ഇയാള്‍ ഇടയ്ക്കു മാത്രമാണ് ഇവിടേക്കു വരുന്നത്.
ഗുണ്ടാ നേതാക്കളുടെ വീട്ടിൽ നടത്തുന്ന "ഓപ്പറേഷൻ ആഗ് ’ പരിശോധനയുടെ ഭാഗമായി പല പ്രാവശ്യം ഫൈസലിന്റെ വീട്ടില്‍ പോയിട്ടുണ്ടെങ്കിലും ഇയാള്‍ ഉണ്ടായിരുന്നില്ല. ഞായറാഴ്ചയായതിനാല്‍ വീട്ടില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വൈകുന്നേരം ആറരയോടെ അങ്കമാലി എസ്ഐയും സംഘവും ഇയാളുടെ വീട്ടിലെത്തിയത്. വീട്ടില്‍ അപരിചിതരായ ഏതാനും പേരെ കണ്ടതോടെ പോലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ഫൈസലിന്റെ ജോലിക്കാരാണെന്നാണു പറഞ്ഞത്.
പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മൂന്നുപേര്‍ പോലീസുകാരാണെന്നു മനസിലായത്. ഇവരില്‍നിന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി സാബുവും വീട്ടില്‍ ഉണ്ടായിരുന്നെന്ന വിവരം ലഭിച്ചത്. പോലീസിനെ കണ്ട് ഡിവൈഎസ്പി ശുചിമുറിയില്‍ കയറി ഒളിച്ചതായി പറയുന്നു.
പോലീസുകാരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. ഡിവൈഎസ്പിയും മറ്റു മൂന്നു പോലീസുകാരും മസിനഗുഡിയില്‍ പോയി മടങ്ങുംവഴി മുന്‍ പരിചയത്തിന്റെ പേരില്‍ ഫൈസലിന്റെ വീട്ടില്‍ കയറുകയായിരുന്നുവെന്നാണു വിവരം.
ഡിവൈഎസ്പിയുടെ വിരുന്നുണ്ണലില് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടെയുണ്ടായിരുന്ന ആലപ്പുഴ പോലീസ് ക്യാന്പിലെ ഡ്രൈവര്‍, സിപിഒ, വിജിലൻസ് ഉദ്യോഗസ്ഥൻ എന്നിവരെ സസ്പെൻഡ് ചെയ്തു. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് ഡിവൈഎസ്പി സാബു ഗുണ്ടാ നേതാവിന്റെ വിരുന്നിനു പോയി കുടുങ്ങിയത്.
അതേസമയം, പരസ്പരം പഴിചാരി വിഷയത്തില്‍നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലാണ് ഡിവൈഎസ്പിയും പോലീസുകാരും. സിനിമാനടനെ പരിചയപ്പെടുത്താമെന്നു പറഞ്ഞാണ് വിരുന്നിനു കൊണ്ടുപോയതെന്നാണ് പോലീസുകാർ പറയുന്നത്. എന്നാല്‍ പോലീസുകാരാണ് തന്നെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ കൊണ്ടുപോയെന്നാണ് ഡിവൈഎസ്പി എം.ജി. സാബുവിന്റെ മൊഴി.
കരാട്ടെ പഠിപ്പിക്കുന്ന തമ്മനം ഫൈസല്‍ കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാത്തലവന് തമ്മനം ഷാജിയുടെ എതിരാളിയായാണ് വളര്‍ന്നുവന്നത്. തമ്മനം ഫൈസല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാളുമാണ്.
ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാൻ ഡിജിപിക്കു ശിപാർശ
തിരുവനന്തപുരം: ഗുണ്ടാനേതാവിന്റെ അത്താഴവിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എം.ജി.സാബുവിനെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഡിജിപിയോടു നിർദേശിച്ചു.
സർവീസിൽനിന്നു വിരമിക്കാൻ നാലു ദിവസം മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വരുന്നത്. സസ്പെൻഷൻ ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.
ആരോപണത്തിൽ സാബുവിനെതിരേ ആഭ്യന്തര അന്വേഷണത്തിന് മധ്യമേഖല ഡിഐജി നിർദേശം നൽകിയിരുന്നു.