പോക്സോ കേസിൽ 50 വർഷം കഠിനതടവും പിഴയും ശിക്ഷ
Friday, October 17, 2025 1:06 AM IST
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പലതവണ ലൈംഗികപീഡനം നടത്തിയ കേസിൽ ഇരുപത്തേഴുകാരന് 50 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ.
പിഴ അടയ്ക്കാത്തപക്ഷം 50 മാസംകൂടി അധികതടവ് അനുഭവിക്കണം. പിഴത്തുകയിൽനിന്നു രണ്ടുലക്ഷം രൂപ അതിജീവിതയ്ക്കു നൽകണം. മണത്തല പുത്തൻകടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗകോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഫോണിൽകൂടിയും നേരിട്ടും പ്രണയംനടിച്ചു പ്രലോഭിപ്പിച്ച് വീട്ടിൽ അതിക്രമിച്ചുകയറി പീഡനം നടത്തിയെന്നാണ് കേസ്. അതിജീവിത ഗർഭിണിയായി എത്തിയപ്പോൾ ആശുപത്രി അധികൃതരാണ് ചാവക്കാട് പോലീസിൽ അറിയിച്ചത്. പെൺകുട്ടി പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ചു.