തീരദേശ പരിപാലന നിയമലംഘനം: സംസ്ഥാന സർക്കാരിനു സുപ്രീംകോടതി നോട്ടീസ്
Monday, October 21, 2019 11:29 PM IST
ന്യൂഡൽഹി: എറണാകുളം ചിലവന്നൂരിൽ തീരദേശ പരിപാലന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്കു സുപ്രീംകോടതി നോട്ടീസ്. ചെലവന്നൂരിലെ തീരദേശ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ടു വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റീസുമാരായ നവീൻ സിൻഹ, ബി.ആർ. ഗവായി എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ചിലവന്നൂർ കായൽ പ്രദേശത്തു നിർമിച്ച 13 കെട്ടിടങ്ങൾക്കെതിരേയാണ് വിജിലൻസ് കേസെടുത്തിരുന്നത്. ചിലവന്നൂർ സ്വദേശി എ.വി. ആന്റണിയുടെ പരാതിപ്രകാരം 2015ലെടുത്ത കേസിൽ 14 പേർക്കെതിരേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അന്തിമ റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്യാനിരിക്കേയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. കെട്ടിടത്തിന്റെ ഉടമ സിറിൾ പോൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരേ ആന്റണി നൽകിയ ഹർജിയിലാണ് നോട്ടീസയച്ചിരിക്കുന്നത്.
കേരളത്തിൽ തീരദേശ നിയമം ലംഘിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായുണ്ടെന്ന് ആന്റണിക്കുവേണ്ടി ഹാജരായ അഭിഭാഷക ലക്ഷ്മി കൈമൾ ചൂണ്ടിക്കാട്ടി.