പാങ്ങോംഗിൽനിന്നു ചൈനീസ് സൈന്യം വീണ്ടും പിന്മാറി
Sunday, July 12, 2020 12:24 AM IST
ന്യൂഡൽഹി: ഇന്ത്യയും ചൈനയും ലഫ് ജനറൽ തലത്തിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ കിഴക്കൻ ലഡാക്കിലെ പാങ്ങോംഗിൽ ഫിംഗർ ഫോർ മലനിരയിൽനിന്ന് ചൈനീസ് സൈന്യം ഇന്നലെ പിന്മാറി. പാങ്ങോംഗ് തടാകത്തിലെ ബോട്ടുകളും ചൈന നീക്കി.
ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയിൽനിന്ന് പൂർണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത് മേയ് ആറിനാണ്. ഇതുപ്രകാരം സംഘർഷം നിലനിന്ന മൂന്നു പട്രോളിം ഗ് പോയിന്റുകളിൽനിന്ന് ഇരുവിഭാഗത്തെയും സൈനികർ ഒന്നര കിലോമീറ്റർ വീതം പിന്മാറി.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട പട്രോൾ പോയിന്റ് 14ലെ താത്കാലിക കൂടാരങ്ങളും ചൈന നീക്കംചെയ്തു. മേയിൽ നടന്ന സംഘർഷത്തിനുശേഷം ഇന്ത്യൻ സൈന്യത്തിന് പട്രോളിംഗ് നിഷേധിച്ച പാങ്ങോംഗ് തടാക മേഖലയിൽ ചൈന നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
ഇന്ത്യക്കു പട്രോളിംഗ് പുനരാരംഭിക്കാൻ ഫിംഗർ എട്ടിൽനിന്നും ചൈനീസ് സൈന്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.