തെരുവുനായ ആക്രമണം വൻതോതിൽ കൂടിവരുന്നു: ജസ്റ്റീസ് സിരിജഗൻ സമിതി
സ്വന്തം ലേഖകൻ
Saturday, September 24, 2022 12:50 AM IST
ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം പ്രതിവർഷം വർധിച്ചു വരികയാണെന്ന് ജസ്റ്റീസ് സിരിജഗൻ സമിതിയുടെ റിപ്പോർട്ട്. മാധ്യമവാർത്തകളിൽ ജനം നേരിടുന്ന ദുരിതത്തിന്റെ നേർക്കാഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് പട്ടികടിയേറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്നന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ഈ വർഷം പട്ടികടിയേറ്റ് ചികിത്സ തേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകളും സമിതി നൽകിയിട്ടുണ്ട്.
ഒൻപതു വർഷത്തിനുള്ളിൽ പേവിഷബാധയേറ്റു മരിച്ചവരുടെ കണക്കുകളും സമിതിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പേവിഷബാധയ്ക്കെതിരേയുള്ള വാക്സിന്റെ വിതരണത്തിൽ 57 ശതമാനം വർധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തെരുവുനായശല്യം പരിഹരിക്കാൻ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു. കൃത്യമായ മാലിന്യനിർമാർജന സംവിധാനങ്ങളും ഏർപ്പെടുത്തണം, ആവശ്യമായത്ര പട്ടി പിടിത്തക്കാരെ കണ്ടെത്തി മതിയായ പരിശീലനം നൽകണം, എല്ലാ പൊതു ആരോഗ്യകേന്ദ്രങ്ങളിലും ആന്റിറാബിസ് വാക്സിനും ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ലോബുലിനും ലഭ്യമാക്കണം, മൃഗങ്ങളുടെ കടിയേറ്റ് എത്തുന്നവരെ പരിചരിക്കുന്നതിൽ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്കു വിദഗ്ധ പരിശീലനം നൽകണം, വാക്സിൻ നൽകിയ തെരുവു നായകൾക്ക് തിരിച്ചറിയൽ ടാഗ് നൽകണം, വളർത്തുമൃഗങ്ങൾക്ക് ലൈസൻസിംഗ് സന്പ്രദായം ഏർപ്പെടുത്തണം തുടങ്ങിയവയാണ് സമിതിയുടെ പ്രധാന നിർദേശങ്ങൾ.