രാഹുലിനെ തേടി ഡൽഹി പോലീസ്
രാഹുൽ ഗോപിനാഥ്
Monday, March 20, 2023 3:04 AM IST
ന്യൂഡൽഹി: രാജ്യത്ത് സ്ത്രീകൾ ഇപ്പോഴും ലൈംഗിക പീഡനം നേരിടുകയാണെന്ന പരാമർശത്തിൽ വിശദീകരണം തേടി രാഹുൽ ഗാന്ധിയുടെ വസതിയിലെത്തി ഡൽഹി പോലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ വിശദീകരണം തേടി ഡൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് രാഹുലിന്റെ വസതിയിൽ എത്തിയത്. ഡൽഹി പോലീസ് കമ്മീഷണർ ഉൾപ്പെടെ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്കു മുമ്പിൽ കാത്തുനിന്നത്.
പ്രസംഗത്തിൽ പറഞ്ഞ സ്ത്രീകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പോലീസ് വ്യാഴാഴ്ച രാഹുൽ ഗാന്ധിക്ക് ചോദ്യാവലി നൽകിയിരുന്നു. എന്നാൽ ഡൽഹി പോലീസിന്റെ നടപടികളോട് രാഹുൽ ഗാന്ധി സഹകരിക്കുന്നില്ലെന്നു വന്നതോടെയാണ് കൂടുതൽ സേനയുമായി ഇന്നലെ ഡൽഹിയിലെ തുഗ്ലക് റോഡിലുള്ള രാഹുലിന്റെ വസതിയിൽ പോലീസ് എത്തിയത്. ഡൽഹി പോലീസിന്റെ നടപടിക്കെതിരേ കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിവച്ചു.
രാജ്യത്തെ സ്ത്രീകൾ ഇപ്പോഴും ലൈംഗികചൂഷണത്തിന് ഇരയാകുന്നതായും പോലീസിന്റെ സഹായം തേടാൻ സ്ത്രീകൾ ഭയക്കുന്നതായും ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന്റെ ഈ പ്രസ്താവനയിൽ വിശദീകരണം തേടിയാണ് ഡൽഹി പോലീസ് നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ പരാമർശിക്കുന്ന സംഭവത്തിൽ അന്വേഷണം നടത്തി ഇരകൾക്ക് നീതി ഉറപ്പാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നാണ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ പറഞ്ഞത്.
അതേസമയം, രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കുന്നതിനുള്ള ഡൽഹി പോലീസിന്റെ പുതിയ തന്ത്രം മാത്രമാണിതെന്നാണ് കോണ്ഗ്രസ് പാർട്ടിയുടെ പ്രതികരണം. അദാനിയെ വിമർശിച്ചാൽ നരേന്ദ്രേമോദിക്ക് എത്രത്തോളം വേദനിക്കും എന്നതിന്റെ തെളിവാണിതെന്ന് എഐസിസി ജനറൽ സെക്രട്ടി കെ.സി. വേണുഗോപാൽ പറഞ്ഞു. അദാനിക്കെതിരേ പാർലമെന്റിൽ സംസാരിച്ചതാണ് പ്രകോപനം. രാജ്യത്തെ കൊള്ളയടിക്കുന്നവർക്ക് എല്ലാവിധ സംരക്ഷണവും നൽകി സത്യം പറയുന്നവരെ തുറുങ്കിലടയ്ക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. രാഹുലിനെ വേട്ടയാടുന്ന ഡൽഹി പോലീസിന്റെ നടപടികൾ ഫാസിസമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
രാഹുലിന്റെ വസതിയിൽ എത്തിയ കോണ്ഗ്രസ് നേതാവ് പവൻ ഖേര ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് തടഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ദില്ലി പൊലീസിന്റെ നടപടി രാഷ്ട്രീയ വിരോധം തീർക്കലാണെന്നും തന്നെ കണ്ട സ്ത്രീകളുടെ വിവരങ്ങൾ രാഹുൽ വ്യക്തമാക്കണമെന്ന ഡൽഹി പോലീസിന്റെ ആവശ്യം അസംബന്ധമാണെന്നും കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു. ജനുവരി 30നു നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ 45 ദിവസങ്ങൾക്കു ശേഷമാണ് തേടുന്നത്.
പാർലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളിലുള്ള പ്രതികാര നടപടിയാണിതെന്ന് വ്യക്തമാകുന്നു. മറുപടി നൽകുമെന്നറിയിച്ചിട്ടും ഇന്നലെ ഇത്തരമൊരു അന്തരീക്ഷമുണ്ടാക്കിയത് കരുതിക്കൂട്ടിയാണെന്നും കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. ഡൽഹി പോലീസിന്റെ ചോദ്യങ്ങൾക്ക് രാഹുൽ ഗാന്ധി വിശദമായ മറുപടി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.