ഫാലി എസ്. നരിമാൻ അന്തരിച്ചു
Thursday, February 22, 2024 2:32 AM IST
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായരംഗത്തെ ഭീഷ്മാചാര്യൻ ഫാലി എസ്. നരിമാൻ (95) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു പത്തിന് ഡൽഹി പാഴ്സി ആരാംഗാഹിൽ നടക്കും. 1991 ൽ രാജ്യം പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും നൽകി ആദരിച്ചു. ഭരണഘടനാ നിയമവിദഗ്ധനായ ഇദ്ദേഹം 70 വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാനമായ പല കേസുകളിലും നരിമാനാണു ഹാജരായത്.
ഗോലക് നാഥ് കേസ് (ഭരണഘടനാ ഭേദഗതികൾ ജുഡീഷൽ പുനരവലോകനത്തിനു വിധേയമാണ്), ടിഎംഎ പൈ കേസ് (ന്യൂനപക്ഷങ്ങൾക്ക് ഇഷ്ടമുള്ള സ്ഥാപനങ്ങൾ സ്ഥാപിക്കാം), എസ്സി ഗുപ്ത കേസ് (ജുഡീഷൽ നിയമനം ജുഡീഷറിയുടെ സ്വാതന്ത്ര്യം) തുടങ്ങി ഒട്ടേറെ കേസുകളിൽ നരിമാന്റെ പങ്ക് നിർണായകമായിരുന്നു.
മുൻ രാജ്യസഭാംഗമായ ഇദ്ദേഹം മികച്ചൊരു ഗ്രന്ഥകാരൻകൂടിയായിരുന്നു. "ബിഫോർ ദ മെമ്മറി ഫെയ്ഡ്സ്' എന്ന ആത്മകഥ ശ്രദ്ധേയമാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ റാങ്കൂണിൽ (മ്യാൻമർ) 1929 ജനുവരി പത്തിന് സാം നരിമാന്റെയും ബർമക്കാരി ബാനു ബർജർജിയുടെയും മകനായി ജനിച്ചു. 1950 നവംബറിൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. 1961ൽ സീനിയർ അഭിഭാഷകനായി. 1971ൽ സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകനായി. 1972ൽ സോളിസിറ്റർ ജനറലായി. 1975 ജൂണ്‍ 26ന് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതോടെ പദവി രാജിവച്ചു. സുപ്രീംകോടതി കൊളീജിയം പലതവണ സുപ്രീംകോടതി ജഡ്ജിയായി നരിമാനെ ശിപാർശ ചെയ്തെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. ബാർ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്, ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്സ് ഇന്റേണൽ കോർട്ട് ഓഫ് ആർബിട്രേഷൻ വൈസ് ചെയർമാൻ, ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ജൂറിസ്റ്റ് ഓണററി അംഗം, ലണ്ടൻ കോർട്ട് ഓഫ് ഇന്റർനാഷണൽ ആർബിട്രേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പരേതയായ ബാപ്സി എഫ്. നരിമാനാണു ഭാര്യ. സുപ്രീകോടതി മുൻ ജഡ്ജി രോഹിന്റണ്‍ നരിമാൻ, സ്പീച്ച് തെറാപ്പിസ്റ്റ് അനഹീത എന്നിവരാണു മക്കൾ.
നരിമാന്റെ വിയോഗത്തിൽ പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.