ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 70 കി.മീ.!
Monday, February 26, 2024 2:39 AM IST
ജമ്മു/ചണ്ഡിഗഡ്: ജമ്മു-കാഷ്മീരിലെ കഠുവയിൽനിന്ന് പഞ്ചാബിലെ ഉച്ചി ബാസി വരെയുള്ള 70 കിലോമീറ്റർ ദൂരം ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടി. മെറ്റലുകൾ നിറച്ച 53 വാഗണുകളുള്ള ട്രെയിൻ അതിവേഗത്തിൽ അഞ്ചു സ്റ്റേഷനുകൾ പിന്നിട്ടെങ്കിലും ഭാഗ്യംകൊണ്ടുമാത്രം അപകടങ്ങളെല്ലാം വഴിമാറിപ്പോകുകയായിരുന്നു.
ഇന്നലെ രാവിലെ 7:25ന് കഠുവ റെയിൽവേ സ്റ്റേഷനിൽനിന്ന് ഉരുണ്ടുനീങ്ങിയ ട്രെയിൻ രണ്ടുമണിക്കൂറിനുശേഷം ഒന്‍പതോടെ ട്രാക്കിൽ തടിക്കഷണങ്ങൾ നിരത്തിവച്ച് നിർത്തുകയായിരുന്നു. ഡ്രൈവർ മാറുന്നതിനായാണ് കഠുവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയത്. ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും ട്രെയിനിൽനിന്ന് ഇറങ്ങിയെങ്കിലും ഹാൻഡ്ബ്രേക്ക് ഇടാൻ രണ്ടുപേരും മറന്നുവെന്നാണ് നിഗമനം.
പത്താൻകോട്ട് ഭാഗത്തേക്കുള്ള ദിശയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ, മുന്നിലെ ചെറിയ ഇറക്കത്തിലൂടെ തനിയെ ഉരുണ്ടു നീങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഒരുവേള മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്നു. മുന്നറിയിപ്പില്ലാതെ ട്രെയിൻ നീങ്ങിയതോടെ അന്പരപ്പിലായ ഉദ്യോഗസ്ഥർ അതിവേഗം രക്ഷാദൗത്യം തുടങ്ങി. ഒടുവിൽ പഞ്ചാബിലെ മുഖേരിയാനു സമീപം ഉച്ചിബാസി സ്റ്റേഷനു തൊട്ടടുത്തുവച്ച് ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു.
ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ കുതിച്ചുപായുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയിരുന്നു. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ പ്രതീക് ശ്രീവാസ്തവ പറഞ്ഞു.
പൈലറ്റ് ഇല്ലാതെ ട്രെയിൻ നീങ്ങുന്നുവെന്ന വിവരം ലഭിച്ചതോടെ ജലന്ധർ മുതൽ പത്താൻകോട്ട് വരെയുള്ള റെയിൽവേ ക്രോസിംഗുകൾ സുരക്ഷിതമാക്കിയിരുന്നുവെന്ന് ജലന്ധറിലെ ഗവൺമെന്റ് റെയിൽവേ പോലീസ് എസ്ഐ അശോക് കുമാർ പറഞ്ഞു.
ഭാവില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഒരു ഉന്നത റെയില്‍വേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.