രാജ്യസഭ: ഹിമാചലിൽ ബിജെപിക്കു വിജയം സർക്കാർ പ്രതിസന്ധിയിൽ
Wednesday, February 28, 2024 2:59 AM IST
സിംല: ഹിമാചൽപ്രദേശിലെ ഏക രാജ്യസഭാ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ബിജെപിക്കു വിജയം. ബിജെപിയിലെ ഹർഷ് മഹാജൻ നറുക്കെടുപ്പിലൂടെയാണു തെരഞ്ഞെടുക്കപ്പെട്ടത്.
പ്രമുഖ കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വിയാണു പരാജയപ്പെട്ടത്. ആറു കോൺഗ്രസ് അംഗങ്ങളും മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. 25 അംഗങ്ങളാണു ബിജെപിക്കുള്ളത്.
68 അംഗ നിയമസഭയിൽ 40 അംഗങ്ങളുള്ള കോൺഗ്രസിനു നിഷ്പ്രയാസം വിജയിക്കാമായിരുന്നു. മൂന്നു സ്വതന്ത്രരും കോൺഗ്രസിനെയായിരുന്നു പിന്തുണച്ചിരുന്നത്. 34 വോട്ട് വീതമാണ് സിംഗ്വിക്കും ഹർഷ് മഹാജനും കിട്ടിയത്. നറുക്കെടുപ്പിൽ ഭാഗ്യം മഹാജനെ തുണച്ചു. സർക്കാരിനെ പിന്തുണച്ചിരുന്ന ഒന്പത് എംഎൽഎമാരാണ് ക്രോസ് വോട്ട് ചെയ്തത്.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി തോറ്റതോടെ ഉത്തരേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായി. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 35 എംഎൽഎമാരുടെ പിന്തുണയാണ്.
സിംഗ്വിയുടെ തോൽവിയോടെ ഹിമാചലിലെ സുഖ്വിന്ദർ സിംഗ് സുഖു സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിനു ബിജെപി നീക്കമാരംഭിച്ചു. ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു രാജിവയ്ക്കണമെന്നു പ്രതിപക്ഷനേതാവ് ജയ്റാം ഠാക്കൂർ ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം സംസ്ഥാനമാണു ഹിമാചൽപ്രദേശ്.
യുപിയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും ഇന്നലെ നാടകീയ രംഗങ്ങൾ അരങ്ങേറി. പോളിംഗ് നടക്കുന്നതിനിടെ എസ്പി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. തിങ്കളാഴ്ച അഖിലേഷ് യാദവ് വിളിച്ചുചേർത്ത യോഗത്തിൽ എട്ട് എസ്പി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
യുപിയിൽ എട്ട് ബിജെപി സ്ഥാനാർഥികളും രണ്ട് എസ്പി സ്ഥാനാർഥികളും വിജയിച്ചു. എസ്പി സ്ഥാനാർഥികളായ ജയാ ബച്ചൻ, രാംജിലാൽ സുമൻ എന്നിവർ വിജയിച്ചു. അലോക് രഞ്ജൻ തോറ്റു. ഏഴ് എസ്പി എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു.
കർണാടകയിൽ ബിജെപിയുടെ അട്ടിമറി നടന്നില്ല
ബംഗളൂരു: കർണാടകയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അട്ടിമറിശ്രമം പരാജയപ്പെട്ടു. മൂന്നു കോൺഗ്രസ് സ്ഥാനാർഥികളും ഒരു ബിജെപി സ്ഥാനാർഥിയും വിജയിച്ചു. ജെഡി-എസിലെ കുപേന്ദ്ര റെഡ്ഢി പരാജയപ്പെട്ടു.
കോൺഗ്രസിലെ അജയ് മാക്കൻ, ജി.സി. ചന്ദ്രശേഖർ, സയിദ് നസീർ ഹുസൈൻ എന്നിവരും ബിജെപിയിലെ നാരായൺസ കെ. ഭണ്ടാഗെയുമാണു വിജയിച്ചത്.
നാലു സീറ്റിലേക്ക് അഞ്ചു സ്ഥാനാർഥികളാണു മത്സരിച്ചത്. ജെഡി-എസിലെ ഡി. കുപേന്ദ്ര റെഡ്ഢിയാണ് അഞ്ചാമനായി രംഗത്തെത്തിയത്. കോൺഗ്രസ് വോട്ടുകൾ ചോർത്താനായിരുന്നു ബിജെപിയുടെ ശ്രമം.
ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു. കോൺഗ്രസ് വോട്ട് ചോർത്താൻ തുനിഞ്ഞ ബിജെപിക്ക് സ്വന്തം പാളയത്തിൽനിന്നു വോട്ട് ചോർന്നത് കനത്ത തിരിച്ചടിയായി. ബിജെപി എംഎൽഎ എസ്.ടി. സോമശേഖർ കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കന് വോട്ട് ചെയ്തു.
മറ്റൊരു ബിജെപി എംഎൽഎയായ എ. ശിവറാം ഹെബ്ബാർ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 പേരുണ്ട്. ബിജെപിക്ക് 66ഉം ജെഡി-എസിന് 19ഉം എംഎൽഎമാരാണുള്ളത്. രണ്ടു സ്വതന്ത്രർ ഉൾപ്പെടെ നാലു പേരുടെ പിന്തുണയും കോൺഗ്രസിനുണ്ട്.