ഹൈക്കമ്മീഷണറെ പിൻവലിച്ച് ഇന്ത്യ; കാനഡയുമായി നയതന്ത്ര "യുദ്ധം'
Tuesday, October 15, 2024 2:13 AM IST
ന്യൂഡൽഹി: ആരോപണങ്ങൾ തൊടുത്ത് കാനഡയും രൂക്ഷമായി വിമർശിച്ച് ഇന്ത്യയും കൊന്പുകോർത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിനു കനത്ത വിള്ളൽ.
കനേഡിയൻ സർക്കാരിന്റെ പ്രതിബദ്ധതയിൽ തങ്ങൾക്കു വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
അതിനിടെ ഇന്നലെ രാത്രി ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ആക്ടിംഗ് ഹൈക്കമ്മീഷണർ സ്റ്റുവാർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈക്കമ്മീഷണൽ പാട്രിക് ഹെബെർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മറി കാതറീൻ ജോളി, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റ്സ്, ആഡം ജയിംസ് ച്യുപ്ക, പൈല ഒർജ്യൂവെല എന്നിവരെയാണു പുറത്താക്കിയത്. ശനിയാഴ്ച രാത്രി 11.59നു മുന്പ് രാജ്യം വിടണമെന്നാണു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ട്രൂഡോ സർക്കാരിന്റെ നടപടികളിൽ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറും നയതന്ത്ര ഉദ്യോഗസ്ഥരും സുരക്ഷതിരല്ലെന്ന് വ്യക്തമാക്കിയാണു കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും പിൻവലിച്ചത്. കനേഡിയൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറിനെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നടപടിയറിയിച്ചത്.
ഇന്ത്യൻ നയതന്ത്രപ്രതിനിധികൾ ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന്റെ അന്വേഷണത്തിൽ "താത്പര്യമുള്ള വ്യക്തികളാ’ണെന്ന കാനഡയുടെ ആരോപണത്തിനെതിരേ കടുത്ത ഭാഷയിലാണ് ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്കു കൊലപാതകത്തിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ
അടിസ്ഥാനരഹിതമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹത്തിന്റെ പേരെടുത്തു പറഞ്ഞ് ഇന്ത്യ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കനേഡിയൻ ഹൈക്കമ്മീഷണർ സ്റ്റുവർട്ട് വീലറിനെ നേരിട്ട് വിളിച്ചുവരുത്തിയും വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിച്ചു.
കാനഡയുടെ മണ്ണിൽ കൊല്ലപ്പെട്ട ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ്കുമാർ വർമ കേസന്വേഷണത്തിന്റെ പരിധിയിലാണെന്നു കാനഡ അറിയിച്ചിരുന്നു. എന്നാൽ, 36 വർഷത്തെ നയതന്ത്രപരിചയമുള്ള സഞ്ജയ്കുമാറിനെ തെളിവുകളില്ലാതെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഇന്ത്യ തിരിച്ചടിച്ചു.
ഖലിസ്ഥാൻ അനുകൂലികളെ പ്രീണിപ്പിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് സന്പാദിക്കാനുള്ള ട്രൂഡോയുടെ രാഷ്ട്രീയമാണിതെന്നു വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച വാർത്താകുറിപ്പിലൂടെ ഇന്ത്യ വിമർശിച്ചു.
ട്രൂഡോയുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർക്കെതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കു സാധിക്കുമെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി.
നിരവധി തവണ അഭ്യർഥിച്ചിട്ടും അന്വേഷണവുമായി ബന്ധപ്പെട്ട ഒരു തെളിവും കനേഡിയൻ സർക്കാർ നൽകിയിട്ടില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. അന്വേഷണത്തിന്റെ മറവിൽ രാഷ്ട്രീയനേട്ടങ്ങൾക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നു കാനഡ ആരോപിച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഹർദീപ് സിംഗ് നിജ്ജർ 2023 ജൂണ് 18നാണ് കാനഡയിൽ വെടിയേറ്റു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്ഞാതർ ഇയാളെ വെടിവച്ചു വീഴ്ത്തിയെന്നായിരുന്നു റിപ്പോർട്ട്. പഞ്ചാബിൽ പുരോഹിതനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു.