സൂചികകൾ കുതിച്ചു
Thursday, April 9, 2020 10:36 PM IST
മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയും ഇന്നലെ കുതിച്ചുകയറി. തലേന്നത്തെ ചാഞ്ചാട്ടമൊന്നും ഇന്നലെ ഉണ്ടായില്ല. കോവിഡ് രോഗവ്യാപനം ശമിക്കുമെന്ന പ്രത്യാശയും സർക്കാരിന്റെ ഉത്തേജകപദ്ധതി ഉടനെ വരുമെന്ന പ്രതീക്ഷയുമാണു വിപണിയെ നയിച്ചത്. ഇതോടെ ഏഴ് ആഴ്ച തുടർച്ചയായി താഴോട്ടുപോയ വിപണിക്ക് ഈയാഴ്ച പ്രതിവാരനേട്ടം ഉണ്ടായി.
സെൻസെക്സ് ഇന്നലെ 1265.66 പോയിന്റ് (4.23 ശതമാനം) ഉയർന്ന് 31159.62 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 363.15 പോയിന്റ് (4.15 ശതമാനം) നേട്ടത്തിൽ 9111.9-ൽ അവസാനിച്ചു. കന്പോളത്തിന്റെ വിപണിമൂല്യം നാലേകാൽ ലക്ഷം കോടി രൂപകണ്ടു വർധിച്ചു. ഈയാഴ്ച സെൻസെക്സ് 10.24 ശതമാനവും നിഫ്റ്റി 10.28 ശതമാനവും കയറി.
ഇപ്പോഴത്തെ ഉയർച്ച ചില പ്രതീക്ഷകളിൽ കെട്ടിപ്പൊക്കിയതാണെന്നും അധികം നിലനില്പ് പ്രതീക്ഷിക്കേണ്ടെന്നും പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു.മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, ടൈറ്റൻ, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ് തുടങ്ങിയവ ഇന്നലെ ഗണ്യമായ നേട്ടമുണ്ടാക്കി. സ്വകാര്യബാങ്കുകൾക്കും ഇന്നലെ നല്ല ദിവസമായിരുന്നു.