കൂടുതൽ ഇറക്കുമതി നിയന്ത്രണം നടപ്പാക്കും: നിതിൻ ഗഡ്കരി
Saturday, August 8, 2020 10:57 PM IST
മുംബൈ: തദ്ദേശീയ നിർമാണം പ്രോത്സാഹിപ്പിക്കാൻ രാജ്യത്ത് കൂടുതൽ ഇറക്കുമതി നിയന്ത്രണം കേന്ദ്രസർക്കാർ നടപ്പാക്കുമെന്നു കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നിതിൻ ഗഡ്കരി. ചൈനയിൽനിന്ന് രാജ്യത്തേക്കൊഴുകിയിരുന്ന അതേ അളവിൽതന്നെ ഉത്പന്നങ്ങൾ ഇവിടെ നിർമിക്കാൻ സാധിക്കണം. അല്ലാത്തപക്ഷം വിലയിൽ കുറവുണ്ടാകില്ല.
നിലവിൽ കൂടുതലായി ഇറക്കുമതി ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾ എതൊക്കെയെന്നു പരിശോധിച്ചു വരികയാണ്. ഇവയുടെ ഇറക്കുമതി നിയന്ത്രിക്കാൻ ലൈസൻസ് ഏർപ്പെടുത്തൽ, ഇറക്കുമതിച്ചുങ്കം കൂട്ടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കും. രാജ്യത്തെ ചെറിയ വ്യവസായ സംരംഭങ്ങൾക്കെല്ലാം എംഎസ്എംഇ പരിരക്ഷ ലഭ്യമാകത്തക്ക വിധത്തിലുള്ള വ്യവസായനയം സർക്കാർ രൂപീകരിക്കുമെന്നും ഗഡ്കരി അറിയിച്ചു.
നേരത്തെ കളർടെലിവിഷൻ സെറ്റുകളുടെയും ടയറുകളുടെയും ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ചൈനയിൽനിന്നുള്ള കളിപ്പാട്ടങ്ങൾ, കായിക ഉപകരണങ്ങൾ എന്നിവയ്ക്കും വൈകാതെ നിയന്ത്രണം വരുമെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽനിന്നുള്ള പട്ടിനും നിയന്ത്രണം വേണമെന്ന് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.