വ്യവസായ ഉത്പാദനത്തിൽ 22.4 ശതമാനം വർധന
Wednesday, May 12, 2021 11:34 PM IST
മുംബൈ: മാർച്ചിൽ രാജ്യത്തെ വ്യവസായ ഉത്പാദന സൂചിക (ഐഐപി) മുൻ വർഷം മാർച്ചിനെ അപേക്ഷിച്ച് 22.4 ശതമാനമുയർന്നു. 2020 മാർച്ചിൽ, കോവിഡ് ഒന്നാം തരംഗത്തെത്തുടർന്ന് നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചതാണ് ഇക്കുറി ഉത്പാദനക്കണക്കിൽ ഇത്ര വളർച്ച ദൃശ്യമാവാൻ കാരണം. അതേസമയം, 2020-21 ധനകാര്യവർഷത്തിൽ ഐഐപി 8.6 ശതമാനം ചുരുങ്ങി. 2019-20 കാലയളവിൽ ഐഐപിയിലെ ഇടിവ് 0.8 ശതമാനം മാത്രമായിരുന്നു.
നിർമാണ മേഖലയിലെ ഉത്പാദനം മാർച്ചിൽ 25.8 ശതമാനമുയർന്നു. ഖനനോത്പാദനത്തിലെയും വൈദ്യുതോത്പാദനത്തിലെയും വർധന യഥാക്രമം 6.1 ശതമാനവും 22.5 ശതമാനവുമാണ്. എെഐപിയുടെ 40 ശതമാനവും വരുന്ന കാതൽ മേഖലയിലെ വ്യവസായ ഉത്പാദനം ഏഴ് ശതമാനം കൂടി.
അതേസമയം ഈവർഷം മാർച്ചിലെയും 2020 മാർച്ചിലെയും വ്യവസായ ഉത്പാദനം താരതമ്യം ചെയ്യുന്നതിൽ കാര്യമില്ലെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തി. 2019 മാർച്ചിലെ ഉത്പാദനത്തെ അപേക്ഷിച്ച് നോക്കിയാൽ ഈ വർഷം മാർച്ചിലെ ഉത്പാദനത്തിൽ നേരിയ ഇടിവാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.