മോറട്ടോറിയത്തെക്കുറിച്ചു മിണ്ടുന്നില്ല: വായ്പയെടുത്ത കര്‍ഷകര്‍ക്കു തിരിച്ചടി
Saturday, May 15, 2021 12:49 AM IST
കൊച്ചി: ലോക്ഡൗണില്‍ കാര്‍ഷിക വായ്പകള്‍ പുതുക്കാനാവാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍. വില്ലേജ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭൂമിയുടെ നികുതിയടയ്ക്കാന്‍ അവസരമില്ല. നികുതിയടച്ച രസീത് ഹാജരാക്കി വായ്പകള്‍ പുതുക്കാനാവാത്തതിനാല്‍ സബ്സിഡി ആനുകൂല്യം നഷ്ടമാകുന്ന സ്ഥിതിയിലാണു കര്‍ഷകര്‍.
നബാര്‍ഡ് സബ്സിഡിയോടെ ബാങ്കുകളില്‍നിന്നു കര്‍ഷര്‍ എടുത്തിട്ടുള്ള വായ്പകള്‍ ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പു പലിശയടച്ചു പുതുക്കിയില്ലെങ്കില്‍ സബ്സിഡി ആനുകൂല്യം നഷ്ടമാകും. ഏഴു ശതമാനം പലിശയുള്ള വായ്പകളില്‍ മൂന്നു ശതമാനമാണു നബാര്‍ഡ് സബ്സിഡി. ബാക്കിയുള്ള നാലു ശതമാനത്തിന്റെ തിരിച്ചടവ് സമയബന്ധിതമായി നടത്താനാവാതെ വന്നാല്‍ വലിയ തുക പലിശയായി നല്‍കേണ്ട സ്ഥിതിയുണ്ട്. സ്വര്‍ണമോ ഭൂമിയോ ഈടു നല്കി മൂന്നു ലക്ഷം വരെ വായ്പയെടുത്തിട്ടുള്ള ആയിരക്കണക്കിനു സാധാരണക്കാരായ കര്‍ഷകരാണ് ഇതിലൂടെ തിരിച്ചടി നേരിടുന്നത്.
റവന്യു വകുപ്പിലെ സെര്‍വര്‍ തകരാര്‍ മൂലം ഓണ്‍ലൈനായി നികുതിയടയ്ക്കാനും ഇപ്പോള്‍ സാധിക്കുന്നില്ല. ബാങ്കുകള്‍ പ്രവൃത്തിദിനങ്ങള്‍ കുറച്ചതും പ്രതിസന്ധിയായിട്ടുണ്ട്.
ഒന്നാമത്തെ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ 2020ല്‍ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ബാങ്ക് വായ്പകള്‍ക്കു സര്‍ക്കാര്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇക്കുറിയും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കാര്‍ഷിക, ചെറുകിട വ്യവസായ മേഖലകളില്‍ ഇപ്പോള്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷവുമാണ്.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും കൃഷിയെയും പ്രതിസന്ധിയിലാക്കിയതിനു പിന്നാലെയാണു വായ്പകളുടെ കാര്യത്തിലും കര്‍ഷകര്‍ തിരിച്ചടി നേരിടുന്നത്.