ഉയിർപ്പില്ലാതെ റബർ വിപണി
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, April 21, 2025 2:02 AM IST
ഉത്സവ ആവശ്യങ്ങൾക്ക് വേണ്ട പണം സ്വരൂപിക്കാൻ ഉത്പന്നങ്ങളുമായി വിപണിയെ സമീപിച്ച റബർ കർഷകർ തീർത്തും നിരാശരായി. വിദേശത്തെ തളർച്ച മറയാക്കി ടയർ ലോബി ആഭ്യന്തര ഷീറ്റ് വില ഇടിച്ചു. വൻതോതിൽ റബർ ആവശ്യമുണ്ടെങ്കിലും താഴ്ന്ന വിലയ്ക്ക് ഷീറ്റും ലാറ്റക്സും കർഷകരിൽനിന്നു തന്ത്രപരമായി വ്യവസായികൾ ശേഖരിക്കുന്നു.
ഓഫ് സീസണിൽ അൽപ്പം മെച്ചപ്പെട്ട വില പ്രതീക്ഷിച്ചവർക്ക് തിരിച്ചടി നേരിട്ടു. ഇതിനിടയിൽ കാർഷിക മേഖലകൾ കേന്ദീകരിച്ച് ഉത്പാദകരിൽനിന്നു ചരക്ക് സംഭരിക്കുന്ന മധ്യവർത്തികളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. പുതിയ സാന്പത്തികവർഷം പിറന്നതോടെ കന്പനികൾ വില ഉയർത്തി ചരക്ക് എടുക്കുമെന്ന നിഗനമത്തിലായിരുന്നു അവർ. എന്നാൽ നിരക്ക് പൊടുന്നനെ ഇടിഞ്ഞതുമൂലം നാലും അഞ്ചും ടണ്‍ വരെ പല ഇടപാടുകാരിലും കെട്ടിക്കിടക്കുന്നു. നിരക്ക് 200ലേക്ക് കയറിയ ശേഷം സ്റ്റോക്ക് ഇറക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു പല വ്യാപാരികളും.
ജനുവരിക്കു ശേഷം പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിംഗിന് കാര്യമായ അവസരം പലർക്കും ലഭിച്ചില്ല. അതുകൊണ്ടുതന്നെ ഉത്പാദകരിൽ കരുതൽശേഖരം നാമമാത്രവും. മാസാരംഭത്തിൽ കിലോ 200ന് മുകളിലേക്ക് ചുവടുവച്ച നാലാം ഗ്രേഡ് പക്ഷേ ഇരട്ടിവേഗത്തിൽ ഉയർന്ന തലത്തിൽനിന്നും 195ലേക്ക് തിരിച്ചുവരവ് നടത്തി. വാരാന്ത്യം 197 രൂപയിലാണ്. ടാപ്പിംഗ് സീസണിനായി ജൂണ്‍ വരെ കാത്തിരിക്കണം. മുന്നിലുള്ള ഒന്നര മാസക്കാലയളവിൽ റബർ സംഭരിക്കാൻ വ്യവസായികളെത്തിയാൽ കാര്യമായി ചരക്ക് ലഭ്യമല്ലാത്ത അവസ്ഥ.
വിദേശ മാർക്കറ്റുകളിലും വില്പനക്കാർ കുറവാണ്. തായ്ലൻഡ് പുതുവത്സരാഘോഷങ്ങൾക്കായി അവധിയിലേക്ക് തിരിഞ്ഞതിനാൽ ബാങ്കോക്ക് വിപണി പിന്നിട്ടവാരം ഹോളിഡേ മൂഡിലായിരുന്നു. ഇതിനിടയിൽ യുഎസ്-ചൈന താരിഫ് വിഷയം ഉൗഹക്കച്ചവടക്കാരെ ബാധ്യതകൾ വിറ്റുമാറാൻ ജാപ്പനീസ് മാർക്കറ്റിൽ പ്രേരിപ്പിച്ചു. പുതിയ ബയർമാരുടെ അഭാവം മൂലം ഒസാക്കയിൽ ഓഗസ്റ്റ് അവധിക്ക് 300 യെന്നിന് മുകളിൽ ഇടംപിടിക്കാനായില്ലെങ്കിലും 280ലെ നിർണായക സപ്പോർട്ട് നിലനിർത്താനായാൽ 305ലേക്കും തുടർന്ന് 318 യെന്നിലേക്കും തിരിച്ചു വരവ് കാഴ്ചവയ്ക്കാം.
കുരുമുളകിനായി നെട്ടോട്ടം
ഉത്തരേന്ത്യൻ സ്റ്റോക്കിസ്റ്റുകൾ നാടൻ കുരുമുളക് സംഭരിക്കാൻ വിപണിയിൽ പരക്കംപാഞ്ഞു. വിയറ്റ്നാമിൽ വിളവെടുപ്പ് പുരോഗമിച്ചെങ്കിലും കയറ്റുമതിക്കാർക്ക് ആവശ്യാനുസരണം മുളക് കണ്ടെത്താനാവുന്നില്ല. വിദേശ കരാറുകൾ മുൻനിർത്തിയുള്ള സംഭരണം യഥാസമയം പൂർത്തിയാക്കാൻ വില ഉയർത്തി ചരക്ക് സംഭരിക്കുകയാണവർ. ഈസ്റ്റർ കഴിഞ്ഞ സാഹചര്യത്തിൽ യുഎസ്, യൂറോപ്യൻ ഡിമാൻഡ്് ഉയരാൻ സാധ്യത മുന്നിൽകണ്ടാണ് ഉത്തരേന്ത്യക്കാർ രംഗത്ത് പിടിമുറുക്കുന്നത്.

പിന്നിട്ടവാരം കൊച്ചിയിൽ 700 രൂപ വർധിച്ച് അണ്‍ഗാർബിൾഡ് 72,000 രൂപയായി, ഗാർബിൾഡ് 74,000 രൂപയായും ഉയർന്നു. വിയറ്റ്നാം മാർച്ചിൽ 20,244 ടണ്‍ കുരുമുളക് കയറ്റുമതി നടത്തി. ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ കയറ്റുമതി 41 ശതമാനം വർധിച്ചു. ഏപ്രിലിൽ കയറ്റുമതി ഉയർത്താനുള്ള ശ്രമത്തിലാണവർ. അമേരിക്കയും ഇന്ത്യയുമാണ് ഇറക്കുമതിയിൽ മുന്നിൽ. വിയറ്റ്നാം മുളക് വില ടണ്ണിന് 7200 ഡോളറാണ്, ഇന്ത്യൻ നിരക്ക് 8800 ഡോളറും.
കൊക്കോയ്ക്ക് ആശ്വാസം
വ്യാപാരയുദ്ധം സൃഷ്ടിച്ച കൊടുങ്കാറ്റിൽ ആഗോള കൊക്കോ വിപണി ആടിയുലഞ്ഞെങ്കിലും 7700 ഡോളറിലെ താങ്ങ് നിലനിർത്തിയത് കൊക്കോ കർഷകർക്ക് ആത്മവിശ്വാസം പകർന്നു. എന്നാൽ താഴ്ന്ന റേഞ്ചിൽനിന്നുള്ള തിരിച്ചുവരവിൽ 8500 ഡോളറിലെ പ്രതിരോധം തകർക്കാനായില്ലെങ്കിലും ചോക്ലേറ്റ് വ്യവസായികളിൽനിന്നുള്ള ഡിമാൻഡ് ഉത്പന്നം നേട്ടമാക്കാം.

അതേസമയം പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉത്പാദനത്തിലെ മാന്ദ്യം ഉയർന്ന വിലയ്ക്ക് ഇടയാക്കാം. വാരാന്ത്യം 8336 ഡോളറിലാണ് കൊക്കോ. ഹൈറേഞ്ചിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. പച്ച കൊക്കോ കിലോ 110 രൂപയിലും ഉണക്ക് 300-330 രൂപയിലുമാണ്.
പിടിച്ചുനിന്ന് ഏലം
വിഷു-ഈസ്റ്റർ വേളയിൽ വിലക്കയറ്റത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ഏലം ഉത്പാദകരെ നിരാശരാക്കി ഉത്പന്ന വില. ആഭ്യന്തര-വിദേശ ആവശ്യം ശക്തമായ അവസരത്തിലും വാങ്ങലുകാരുടെ നിറഞ്ഞ സാന്നിധ്യത്തിലും 2500 രൂപയിൽ പിടിച്ചുനിൽക്കാൻ ശരാശരി ഇനങ്ങൾ ക്ലേശിച്ചു.

വാരാന്ത്യം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 2999 രൂപയിലാണ്. ഇതിനിടയിൽ വേനൽമഴയുടെ കടന്നുവരവ് തോട്ടം മേഖലയ്ക്ക് ആശ്വാസം പകർന്നു. ജൂണിൽ പുതിയ ഏലക്ക വിളവെടുക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. അതേസമയം തുടർ മഴ ലഭ്യമായില്ലെങ്കിൽ കാര്യങ്ങൾ വീണ്ടും കൈവിട്ടു പോകാം.
ആഭരണ വിപണികളിൽ സ്വർണ വില പവന് സർവകാല റിക്കാർഡിലേക്ക് ഉയർന്നു. പവന്റെ വില 70,160 രൂപയിൽനിന്നും 71,360 രൂപയായി.