റിക്കാർഡ് വഴിയിലൂടെ...
Tuesday, May 21, 2019 12:12 AM IST
പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റിന് തിരശ്ശീല ഉയരാൻ ഇനിശേഷിക്കുന്നത് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. ക്രിക്കറ്റിന്റെ ഉദ്ഭവ നാട്ടിൽ അടുത്ത വ്യാഴാഴ്ച ലോകകപ്പ് ടോസ് നടക്കും. അഞ്ചാം തവണയാണ് ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലീഷ് മണ്ണിൽ അരങ്ങേറുന്നത്. 1975, 1979, 1983, 1999 വർഷങ്ങളിലായിരുന്നു മുന്‍പ് ബ്രിട്ടൻ ലോക പോരാട്ടത്തിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യ ലോകകപ്പ് ആദ്യമായി സ്വന്തമാക്കിയത് ഇംഗ്ലീഷ് മണ്ണിലായിരുന്നു എന്നത് ചരിത്രം. ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഈ ലോകകപ്പിൽ 10 ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ കൊന്പുകോർക്കും. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവ സെമിയിലേക്ക് മുന്നേറും. ആവേശപ്പോരാട്ടത്തിനു തിരിതെളിയുന്നതിനു മുന്‍പ് ലോകകപ്പ് ക്രിക്കറ്റ് റിക്കാർഡ് വഴികളിലൂടെ ഒരു സഞ്ചാരം...
ഒരേയൊരു ഓസീസ്
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഏറ്റവും അധികം തവണ സ്വന്തമാക്കിയതിന്റെ കീർത്തി ഓസ്ട്രേലിയയ്ക്ക്. അഞ്ച് തവണ ഓസീസ് ലോകത്തിന്റെ നെറുകയിലെത്തി. ഹാട്രിക്ക് കിരീടമുൾപ്പെടെയാണ് കംഗാരുക്കൾ ക്രിക്കറ്റ് ലോകം അടക്കി വാണത്. 1987, 1999, 2003, 2007, 2015 വർഷങ്ങളിലാണ് മഞ്ഞപ്പട ചാന്പ്യന്മാരായത്.

ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്കോർ (417-6), തുടർച്ചയായ വിജയം (27), ഏറ്റവും ഉയർന്ന വിജയം (275 റണ്‍സ്), ഏറ്റവും മികച്ച വിജയ ശതമാനം (75.30), ഏറ്റവും അധികം ജയം (62) തുടങ്ങിയ ഒരുപിടി റിക്കാർഡുകളും ഓസ്ട്രേലിയയ്ക്കു സ്വന്തം. ഏറ്റവും ചുരുങ്ങിയ റണ്‍ ജയത്തിന്റെ റിക്കാർഡും ഓസ്ട്രേലിയയ്ക്കു തന്നെയാണ്. 1987ലും 1992ലും ഇന്ത്യയെ ഒരു റണ്ണിനു കീഴടക്കിയതാണ് അത്. 2007ൽ ഇംഗ്ലണ്ടിനെ രണ്ട് റണ്‍സിന് ശ്രീലങ്ക കീഴടക്കിയതാണ് ഏറ്റവും ചെറിയ രണ്ടാമത്തെ ജയം.
ഐറിഷ് വണ്ടർ
ലോകകപ്പ് ക്രിക്കറ്റിലെ റിക്കാർഡ് ചേസിംഗ് നടത്തിയത് അയർലൻഡ് ആണ്. 2011 ലോകകപ്പിൽ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് മുന്നോട്ടുവച്ച എട്ടിന് 327 റണ്‍സ് എന്ന ടോട്ടൽ 49.1 ഓവറിൽ ഐറിഷ് പട മറികടന്നു. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 329 റണ്‍സ് ആണ് അന്ന് കെവിൻ ഒബ്രിയാനും സംഘവും അടിച്ചുകൂട്ടിയത്. 63 പന്തിൽ ആറ് സിക്സും 13 ഫോറും അടക്കം 113 റണ്‍സ് അടിച്ചുകൂട്ടിയ ഒബ്രിയാൻ ആയിരുന്നു അന്നത്തെ മാൻ ഓഫ് ദ മാച്ച്. കെവിൻ ഒബ്രിയാൻ 50 പന്തിൽ സെഞ്ചുറി തികച്ചതാണ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി.

2015 ലോകകപ്പിൽ സ്കോട്ട്ലൻഡ് നേടിയ എട്ടിന് 318 റണ്‍സ് എന്ന സ്കോർ ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ് 48.1 ഓവറിൽ നാലിന് 322 എടുത്ത് മറികടന്നതാണ് പിന്തുടർന്നുള്ള ഏറ്റവും മികച്ച രണ്ടാമത് ജയം.
മാസ്റ്റർ സച്ചിൻ
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം റണ്‍സ് ഇന്ത്യൻ സൂപ്പർ താരമായ സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലാണ്. 45 മത്സരങ്ങളിൽനിന്ന് സച്ചിൻ അടിച്ചുകൂട്ടിയത് 2,278 റണ്‍സ്. 46 മത്സരങ്ങളിൽനിന്ന് 1,743 റണ്‍സുമായി ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് ആണ് രണ്ടാമത്. ഏറ്റവും അധികം സെഞ്ചുറി (ആറ്), അർധസെഞ്ചുറി (21) കണക്കുകളിലും സച്ചിനാണ് നന്പർ വണ്‍. റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര എന്നിവർ അഞ്ച് സെഞ്ചുറി വീതം നേടിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും അധികം സെഞ്ചുറി സംഗക്കാരയുടെ (നാല്, 2015ൽ) പേരിലാണ്. എന്നാൽ, ഒരു ലോകകപ്പിൽ ഏറ്റവും അധികം റണ്‍സ് സച്ചിന്റെ പേരിലും, 2003ൽ 673 റണ്‍സ്.

2015 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരേ ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ പുറത്താകാതെ നേടിയ 237 റണ്‍സ് ആണ് ലോകകപ്പിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. അതേ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ സിംബാബ്വെയ്ക്കെതിരേ നേടിയ 215 റണ്‍സ് ആണ് പട്ടികയിൽ രണ്ടാമത്.
മാടപ്രാവ്
മാടപ്രാവ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഓസീസ് പേസർ ഗ്ലെൻ മഗ്രാത്ത് ആണ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം വിക്കറ്റ് വീഴ്ത്തിയത്. 71 വിക്കറ്റുകൾ മഗ്രാത്ത് ലോകകപ്പിൽ സ്വന്തമാക്കി. ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് (68) രണ്ടാമത്. ലോകകപ്പിലെ ഏറ്റവും മികച്ച ബൗളിംഗും ഓസീസ് പേസറിന്റെ പേരിൽതന്നെ, 2003ൽ നമീബിയയ്ക്കെതിരേ 15 റണ്‍സിന് ഏഴ് വിക്കറ്റ്.

മഗ്രാത്തിനു പക്ഷേ ഹാട്രിക്ക് നേടാൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ ചേതൻ ശർമ (1983), പാക്കിസ്ഥാൻ സഖ്ലൈൻ മുഷ്താഖ് (1999), ശ്രീലങ്കയുടെ ചാമിന്ത വാസ് (2003), ഓസീസിന്റെ ബ്രറ്റ് ലീ (2003), ലങ്കയുടെ ലസിത് മലിംഗ (2011), വിൻഡീസിന്റെ കെമർ റോച്ച് (2011), ഇംഗ്ലണ്ടിന്റെ സ്റ്റീവൻ ഫിൻ (2015), ദക്ഷിണാഫ്രിക്കയുടെ ഡുമിനി (2015) എന്നിവർ ഹാട്രിക്ക് നേടിയിട്ടുണ്ട്. 2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മലിംഗ തുടർച്ചയായ നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഒരു ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് മഗ്രാത്തിന്റെ പേരിലാണ്, 2007ൽ 26 വിക്കറ്റ്.
ഏറ്റവും അധികം പുറത്താക്കൽ നടത്തിയത് ലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയും (54) ഏറ്റവും അധികം ക്യാച്ച് റിക്കാർഡ് ഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗിനുമാണ് (28). ഒരു ലോകകപ്പിൽ ഏറ്റവും അധികം പുറത്താക്കൽ ഓസ്ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റിന്റെ പേരിലും (21) ക്യാച്ച് റിക്കി പോണ്ടിംഗിന്റെ (11) പേരിലുമാണ്.