ഇന്ത്യ ഫൈനലിൽ
Wednesday, September 13, 2023 1:44 AM IST
കൊളംബൊ: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. ശ്രീലങ്കയെ 41 റൺസിനു കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിനു പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കർ സ്പിന്നർ വെല്ലലേഗ് 42 റൺസുമായി പുറത്താകാതെ നിന്ന് ആതിഥേയ ഇന്നിംഗ്സിലെ ടോപ് സ്കോറർ ആയി.
ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ തുടർച്ചയായ ദിവസങ്ങളിൽ കളത്തിലെത്തിയ ഇന്ത്യ, ലങ്കയ്ക്കെതിരേ വട്ടം കറങ്ങി. മഴയെത്തുടർന്ന് പാക്കിസ്ഥാനെതിരായ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിയതോടെയാണ് ഇന്ത്യക്ക് തുടർച്ചയായ മൂന്നു ദിവസം മൈതാനത്ത് എത്തേണ്ടിവന്നത്.
പാക്കിസ്ഥാനെതിരേ 228 റണ്‍സിന്റെ റിക്കാർഡ് ജയം സ്വന്തമാക്കിയ ഇന്ത്യയെ പക്ഷേ, ശ്രീലങ്ക കറക്കി വീഴ്ത്തി. ഇന്ത്യയുടെ 10 വിക്കറ്റും ലങ്കൻ സ്പിന്നർമാർ പങ്കിട്ടെടുത്തു. 49.1 ഓവറിൽ 213 റണ്‍സിൽ ഇന്ത്യയെ ലങ്കൻ സ്പിന്നർമാർ കറക്കിവീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിന്നിനെ പിന്തുണച്ച വിക്കറ്റിൽ യുവതാരം ദുനിത് വെല്ലലേഗാണ് ഇന്ത്യൻ ബാറ്റിംഗിന്റെ മുനയൊടിച്ചത്. 10 ഓവറിൽ 40 റണ്‍സ് വഴങ്ങി വെല്ലലേഗ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ശുഭ്മാൻ ഗിൽ (19), വിരാട് കോഹ്ലി (3), രോഹിത് ശർമ (53), കെ.എൽ. രാഹുൽ (39), ഹാർദിക് പാണ്ഡ്യ (5) എന്നിങ്ങനെ അഞ്ച് നിർണായക വിക്കറ്റുകളാണ് ഇരുപതുകാരനായ വെല്ലലേഗ വീഴ്ത്തിയത്.
മറ്റ് സ്പെഷലിസ്റ്റ് ബൗളർമാർക്കു വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നതോടെ ലങ്കൻ ക്യാപ്റ്റൻ ദസണ് ശനക ചരിത് അസലങ്കയുടെ കൈയിൽ പന്ത് ഏൽപ്പിച്ചു. ഏകദിന ക്രിക്കറ്റിൽ ഇതുവരെ ഒരു വിക്കറ്റ് മാത്രമുണ്ടായിരുന്ന ബാറ്റർ അസലെങ്ക ഇന്ത്യയുടെ നാലു വിക്കറ്റ് വീഴ്ത്തി. ഒന്‍പത് ഓവറിൽ 18 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഓഫ് സ്പിൻ എറിയുന്ന അസലങ്കയുടെ നാലു വിക്കറ്റ് പ്രകടനം.
ഇഷാൻ കിഷൻ (33), രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (0) എന്നിവരെയാണ് അസലെങ്ക മടക്കിയത്. അവസാന വിക്കറ്റ് സ്പിന്നർ മഹീഷ് തീക്ഷാനയും സ്വന്തമാക്കി. 48 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും അടക്കം 53 റണ്‍സ് നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
10k രോഹിത്
രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ 10,000 റണ്‍സ് തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ശ്രീലങ്കൻ ബൗളർ രജിതയെ സിക്സർ പറത്തിയായിരുന്നു രോഹിത് 10,000 റണ്‍സ് ക്ലബ്ബിൽ ഇടംപിടിച്ചത്. അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമനുമായി രോഹിത്. 241 ഇന്നിംഗ്സിലാണ് രോഹിത് 10,000 റണ്‍സ് കടന്നത്. 205 ഇന്നിംഗ്സിൽ 10,000 കടന്ന കോഹ്ലിയുടെ പേരിലാണു റിക്കാർഡ്.

രാജ്യാന്തര ഏകദിനത്തിൽ 10,000 റണ്‍സ് കടക്കുന്ന ലോകത്തിലെ 15-ാമത് ബാറ്ററാണു രോഹിത്, ആറാമത് ഇന്ത്യൻ താരവും. സച്ചിൻ തെണ്ടുൽക്കർ (18,426), വിരാട് കോഹ്ലി (13,027), സൗരവ് ഗാംഗുലി (11,363), രാഹുൽ ദ്രാവിഡ് (10,889), എം.എസ്. ധോണി (10,773) എന്നിവരാണ് ഈ ക്ലബ്ബിൽ നേരത്തേ ഇടം നേടിയ ഇന്ത്യൻ ബാറ്റർമാർ.