ഓഹരികൾക്ക് ഇടിവ്
Tuesday, September 17, 2019 10:36 PM IST
മുംബൈ: ചൈനയിലെയും യൂറോപ്പിലെയും വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയും ഇന്നലെ താഴോട്ടുപോയി.
മുംബൈ സെൻസെക്സ് ഇന്നലെ 642.22 പോയിന്റ് (1.73 ശതമാനം) താണ് 36,481.99 ആയി. നിഫ്റ്റി 185.9 പോയിന്റ് (1.69 ശതമാനം) താണ് 10,817.6 ലെത്തി.
ചൈനീസ് ഓഹരികളുടെ പ്രധാന സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 1.74 ശതമാനം താണ് 2978.12 ആയി. ചൈനീസ് കറൻസി യുവാന്റെ നിരക്കും താഴോട്ടു പോയി. 11 വർഷത്തെ ഏറ്റവും താണ നിലയിലാണ് യുവാൻ ഇപ്പോൾ.
യൂറോപ്യൻ ഓഹരികളും ഇന്നലെ താഴോട്ടാണു നീങ്ങിയത്.സൗദി ഉത്പാദനം പ്രതീക്ഷിച്ചതിലും നേരത്തെ പുനരാരംഭിക്കുമെന്ന സൂചനയെത്തുടർന്ന് ക്രൂഡ് ഓയിൽ വില ഇന്നലെ താണു. വീപ്പയ്ക്ക് 69 ഡോളർ വരെ കയറിയ വില ഉച്ചയ്ക്കുശേഷം 65.35 ഡോളറിലേക്കു താണു.
അമേരിക്കൻ ഫെഡറൽ റിസർവ് (ഫെഡ്) ഇന്നു പണനയ പ്രഖ്യാപനം നടത്തും. പലിശനിരക്ക് കുറയ്ക്കും എന്നാണു പ്രതീക്ഷ. കാര്യമായ കുറവ് വരുത്തണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
അടിസ്ഥാന പലിശനിരക്ക് ഇപ്പോൾ 2.00-2.25 ശതമാനമാണ്. ഇതു കാൽ ശതമാനം കുറയ്ക്കുമെന്നു പരക്കെ കരുതുന്പോഴാണു കാര്യമായി കുറവ് വരുത്തണമെന്നു ട്രംപ് ആവശ്യപ്പെടുന്നത്. ചൈനയും യൂറോപ്പുമൊക്കെ കറൻസികളുടെ വില താഴ്ത്തിനിർത്തുകയാണെന്നും ഡോളർവില താഴാൻ പലിശനിരക്ക് പൂജ്യമാക്കണമെന്നുമാണ് ട്രംപിന്റെ നിലപാട്. ജെറോം പവൽ നയിക്കുന്ന ഫെഡ് ട്രംപിന്റെ ആവശ്യത്തെ എങ്ങനെ പരിഗണിക്കുമെന്ന് ഇന്നറിയാം.
ഡോളറിനു വീണ്ടും നേട്ടം
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു വീണ്ടും ക്ഷീണം. ഡോളറിന് 18 പൈസ കയറി 71.78 രൂപയായി. രണ്ടു ദിവസംകൊണ്ട് ഡോളർവില 86 പൈസയാണ് കയറിയത്.