ചൈനയുടെ യുഎസ് കയറ്റുമതി ഇടിഞ്ഞു
Friday, May 9, 2025 11:49 PM IST
ബെയ്ജിംഗ്: യുഎസിലേക്ക് ചൈനീസ് ഇറക്കുമതിക്ക് ഉയർന്ന തീരുവ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഏപ്രിലിൽ യുഎസിലേക്കുള്ള ചൈനയുടെ ഇറക്കുമതിയിൽ വൻ ഇടിവ്. ചൈനയുടെ ആകെ കയറ്റുമതി ഉയരുകയും ചെയ്തു.
ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ യുഎസിലേക്കുള്ള കയറ്റുമതി 2024 ഏപ്രിലിനേക്കാൾ ഈ ഏപ്രിലിൽ 21% കുറഞ്ഞുവെന്നാണ് കണക്കുകൾ കാണിക്കുന്നത്. യുഎസിൽനിന്നുള്ള ഇറക്കുമതി 14 ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തീരുവ വർധന മുന്നിൽക്കണ്ട് കയറ്റുമതിക്കാർ പ്രവർത്തിച്ചതിനെത്തുടർന്ന് മാർച്ചിൽ ചൈനയുടെ യുഎസ് കയറ്റുമതി 9.1 ശതമാനം ഉയർച്ച കൈവരിച്ചിരുന്നു.
മാർച്ചിലെ കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12.4% വർധനയുണ്ടായപ്പോൾ, ഏപ്രിലിൽ ചൈനയുടെ ആഗോള കയറ്റുമതി ഏകദേശം 2% വളർച്ച കൈവരിക്കുമെന്ന് സാന്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. എന്നാൽ ഈ പ്രവചനങ്ങളെ മറികടന്ന് 8.1% വളർച്ച നേടി. ചൈനയുടെ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ 0.2% കുറഞ്ഞു. ചൈനയുടെ ഇറക്കുമതി 5.9 ശതമാനം കുറയുമെന്നാണ് സാന്പത്തിക വിദഗ്ധർ പ്രവചിച്ചത്.
ഈ വർഷത്തെ ആദ്യ നാലു മാസങ്ങളിൽ ചൈനയിൽനിന്ന് യുഎസിലേക്കുള്ള കയറ്റുമതി 2.5 ശതമാനം ഇടിവ് നേരിട്ടു. ഇറക്കുമതി മുൻ വർഷത്തേക്കാൾ 4.7 ശതമാനം താഴ്ന്നെന്നാണ് ഒൗദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
ചൈനയുടെ അസിയാൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഏപ്രിലിൽ 20.8 ശതമാനം ഉയർന്നു. മാർച്ചിൽ 11.6 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. ചൈനയിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വർഷത്തേക്കാൾ 8.3 ശതമാനം ഉയർന്നപ്പോൾ ഇറക്കുമതിയിൽ 16.5 ശതമാനത്തിന്റെ കുറവുണ്ടായി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയ്ക്കുമേൽ വിവിധ തരത്തിലുള്ള തീരുവകൾ ഏർപ്പെടുത്തിയതിനുശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ട് സന്പദ്വ്യസ്ഥകൾ തമ്മിലുള്ള വ്യാപാരം ഗണ്യമായി കുറഞ്ഞു. യുഎസിലേക്കുള്ള ചൈനീസ് ഇറക്കുമതിക്ക് 145 ശതമാനമാണ് ചുങ്കം ചുമത്തിയിരിക്കുന്നത്. ഇതിനെതിരേ ചൈന അമേരിക്കൻ കന്പനികളെ ലക്ഷ്യമിട്ടുള്ള മറ്റ് നടപടികളോടൊപ്പം, യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 125% തീരുവ ചുമത്തിയാണ് പ്രതികരിച്ചത്.
ചൈനയ്ക്കെതിരേ ട്രംപ് തീരുവ ഏർപ്പെടുത്തിയതിനുശേഷം വൻശക്തികൾ തമ്മിലുള്ള ആദ്യചർച്ച സ്വിറ്റ്സർലൻഡിൽ നടക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറും ചൈനീസ് വൈസ് പ്രധാനമന്ത്രി ഹെ ലൈഫെംഗിനെ കാണും. ഇന്നും നാളെയുമാണ് ചർച്ചകൾ നടക്കുക. ചൈനയ്ക്കെതിരേയുള്ള ഉയർന്ന തീരുവകൾ ലഘൂകരിക്കുന്നതിന് ഈ ചർച്ചകൾ ഇടയാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈനയ്ക്കെതിരേയുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്
യുഎസിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങൾക്കേർപ്പെടുത്തിയ 145 ശതമാനം തീരുവ 80 ശതമാനമായി കുറയ്ക്കാൻ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയ്ക്കെതിരേ ഉയർന്ന ഇറക്കുമതി ചുങ്കം പ്രഖ്യാപിച്ചശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ വ്യാപാര ചർച്ചയ്ക്കു മുന്നോടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ലോകത്തെ രണ്ടു സാന്പത്തികശക്തികളായ യുഎസിന്റെയും ചൈനയുടെയും ഉന്നത വ്യാപാര പ്രതിനിധികൾ തമ്മിലുള്ള ചർച്ചകൾക്ക് ഇന്നു ജനീവയിൽ തുടക്കമാകും.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറും ചൈനീസ് വൈസ് പ്രധാനമന്ത്രി ഹെ ലൈഫെംഗുമായി ചർച്ചകൾ നടത്തും.
യുകെയുമായുള്ള വ്യാപാരക്കരാർ വെളിപ്പെടുത്തിയശേഷമാണ് യുഎസ് പ്രസിഡന്റ് ചൈനയുടെ തീരുവ കുറയുമെന്ന സൂചന നൽകിയത്. ഏപ്രിൽ വിവിധ രാജ്യങ്ങൾക്കുമേൽ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തിയശേഷം യുകെയുമായാണ് യുഎസ് ആദ്യമായി വ്യാപാര കരാറിലേർപ്പെട്ടത്.