ഏനാത്ത് പാലം ബലപ്പെടുത്താൻ പദ്ധതിയുമായി മുൻ എൻജിനിയർമാർ
Thursday, January 19, 2017 4:06 PM IST
തിരുവനന്തപുരം: ഏനാത്ത് പാലം ബലപ്പെടുത്തുന്നതിനു പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മുൻ എൻജിനിയർമാർ. പൊതുമരാമത്ത് വകുപ്പിൽ നിന്നു റിട്ടയർ ചെയ്ത എൻജിനിയർമാരായ പി.എ. ഈപ്പൻ, അബ്ദുൾ നാസർ, കെ.സി. ലൂക്ക് എന്നിവരാണ് ഏനാത്ത് പാലം മൂന്നു മാസം കൊണ്ട് ബലപ്പെടുത്തി ഗതാഗതം പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനും പൊതുമരാമത്ത് സെക്രട്ടറിക്കും കൈമാറി. സ്റ്റീൽ ഗർഡറുകളിൽ പാലം താങ്ങിനിർത്തിയതിനുശേഷം തൂണുകൾ ബലപ്പെടുത്തുന്നതിനാണ് പദ്ധതി.
ഇപ്പോൾ ലഭ്യമായ താത്കാലിക ഡിസൈൻ അനുസരിച്ച് രണ്ടു തൂണുകൾക്കു പുതിയ സപ്പോർട്ട് തൂണുകൾ നിർമിച്ച് പാലം പുനരുദ്ധരിക്കുന്നതിന് 10 മാസം വരെ വേണ്ടിവരും. മദ്രാസ് ഐഐടിയിലെ റിട്ടയേഡ് പ്രഫസർ ഡോ.അരവിന്ദ് പാലം സന്ദർശിച്ച ശേഷവും പാലം പുനരുദ്ധാരണത്തിന് 10 മാസത്തോളം വേണ്ടിവരുമെന്നാണ് പറഞ്ഞത്. എന്നാൽ, മൂന്നു മാസം കൊണ്ട് പാലം ഗതാഗതയോഗ്യമാക്കാമെന്ന് റിട്ടയേഡ് എൻജിനിയർമാർ പറയുന്നു.
പി.എ. ഈപ്പനും സംഘവും ഏനാത്ത് പാലം സന്ദർശിച്ചശേഷമാണു മന്ത്രിക്കും സെക്രട്ടറിക്കും നിർദേശം സമർപ്പിച്ചിരിക്കുന്നത്. പാലം നിർമിച്ചിരിക്കുന്ന തൂണിന്റെ അടിത്തറ ഇടിഞ്ഞു താഴ്ന്നതാണ് പാലത്തിന് തകരാർ വരുന്നതിന് കാരണമായതെന്നാണ് ഇവരുടെ കണ്ടെത്തൽ. ആറിന്റെ ആഴം അഞ്ച് മീറ്റർവരെ താഴ്ന്നതായും കണ്ടെത്തി. ഒരു തൂണിന്റെ അടിത്തറയാണ് പ്രധാനമായും ഇല്ലാതായിരിക്കുന്നത്.
15 അടി താഴ്ചയിൽ വലിയ കിണർ നിർമിച്ച് ഇത് കോണ്ക്രീറ്റ് ഇട്ട് നിറച്ചാണ് തൂണിന് അടിത്തറ ഉണ്ടാക്കിയിരുന്നത്. 15 അടി താഴ്ചയുണ്ടായിരുന്ന കോണ്ക്രീറ്റ് അടിത്തറയിൽ 10 അടി ഗ്യാപ് വന്നതായി ഇവരുടെ പഠനത്തിൽ കണ്ടെത്തി.
പാലത്തിനു സ്റ്റീൽ ഗർഡറുകളും ബീമുകളും ഉപയോഗിച്ച് താങ്ങ് കൊടുത്ത ശേഷം തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന നിർദേശമാണ് ഈപ്പനും സംഘവും പൊതുമരാമത്ത് വകുപ്പിനു സമർപ്പിച്ചിരിക്കുന്നത്. ഈ പ്രവൃത്തികൾ മൂന്നുമാസത്തിനകം പൂർത്തിയാക്കാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആറിന്റെ ആഴം കുറയാതിരിക്കാൻ ആറിനു കുറുെ ക ചെക്ക്ഡാം പണിയണമെന്നും ഈപ്പനും സംഘവും സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. ഇവർ സമർപ്പിച്ച നിർദേശങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലാണ്.