കരിമണൽ: ചർച്ച പരാജയം
Friday, January 18, 2019 12:31 AM IST
തിരുവനന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ടു സമരം നടത്തുന്നവരുമായി മന്ത്രി ഇ.പി.ജയരാജൻ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു. കരിമണൽ ഖനനവും അനുബന്ധ കാര്യങ്ങളും സംബന്ധിച്ചു പഠിക്കാൻ സെസിലെ ശാസ്ത്രജ്ഞൻ ടി.എൻ.പ്രകാശന്റെ നേതൃത്വത്തിൽ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും റിപ്പോർട്ട് കിട്ടുന്നതുവരെ സീ വാഷിംഗ് നിർത്തിവയ്ക്കാമെന്നും സർക്കാർ സമരക്കാർക്ക് ഉറപ്പുനൽകി. എന്നാൽ, ഖനനം നിർത്തിവയ്ക്കാൻ കഴിയില്ലെന്നു സർക്കാർ വ്യക്തമാക്കി.
സർക്കാർ തീരുമാനത്തോടു സഹകരിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടെങ്കിലും സമരക്കാർ വഴങ്ങിയില്ല. കരിമണൽ ഖനനം നിർത്തുന്നതു വരെ സമരം തുടരുമെന്ന നിലപാടിൽ സമരക്കാരും ഉറച്ചുനിന്നതോടെ ചർച്ച പരാജയപ്പെട്ടു.
വിദഗ്ധ സമിതിയോട് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ സീ വാഷിംഗ് നിർത്തിവയ്ക്കാമെന്നും മന്ത്രി ഇ.പി.ജയരാജൻ ചർച്ചയുടെ തുടക്കത്തിൽ തന്നെ പറഞ്ഞു. ആലപ്പാട്ട് പഞ്ചായത്തിൽ കടൽഭിത്തി ശക്തിപ്പെടുത്തും. കടൽ കയറി കര നഷ്ടപ്പെടുന്നതു തടയാൻ കൂടുതൽ പുലിമുട്ടുകൾ നിർമിക്കും. അതോടൊപ്പം ഇവിടത്തെ ഫാക്ടറിയുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്ന് ഐആർഇയോട് നിർദേശിച്ചിട്ടുണ്ടെന്നും ചർച്ചയിൽ മന്ത്രി ജയരാജൻ പറഞ്ഞു.
ഖനന പ്രദേശത്തെ പ്രശ്നങ്ങൾ പഠിക്കാൻ ജില്ലാ കളക്ടറെ ചെയർമാനാക്കി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കാമെന്നും മന്ത്രി ചർച്ചയിൽ ഉറപ്പു നൽകി. എന്നാൽ, പ്രശ്നത്തെ സംബന്ധിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചതും അതുവരെ സീ വാഷിംഗ് നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചതും സ്വാഗതാർഹമാണെന്നു സമരക്കാർ പറഞ്ഞു.
സമരക്കാർ സഹകരിക്കുമെന്നാണു തന്റെ വിശ്വാസമെന്നുചർച്ചയ്ക്കു ശേഷം മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സർക്കാരിന്റെ നിലപാട് ജനാധിപത്യവിരുദ്ധമെന്നാണു ചർച്ചയ്ക്കു ശേഷം സമരക്കാർ പ്രതികരിച്ചത്. ആർ. രാമചന്ദ്രൻ എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു.