ഫാ. കുര്യൻ തടത്തിൽ കെസിഎസ്എൽ സംസ്ഥാന ഡയറക്ടർ
Saturday, January 19, 2019 11:50 PM IST
കൊച്ചി: കേരളാ കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് (കെസിഎസ്എൽ) സംസ്ഥാന ഡയറക്ടറായി പാലാ രൂപതാംഗം ഫാ.കുര്യൻ തടത്തിൽ നിയമിതനായി. ഡയറക്ടറായിരുന്ന സീറോ മലങ്കര തിരുവനന്തപുരം അതിരൂപതാംഗം ഫാ.തോംസണ് പഴയചിറപീടികയിലിന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണു നിയമനം. മൂന്നു വർഷമാണു കാലാവധി. കെസിബിസി വിദ്യാഭ്യാസക്കമ്മീഷന്റെ കീഴിലാണ് കെസിഎസ്എൽ പ്രവർത്തിക്കുന്നത്.
1998-ൽ പൗരോഹിത്യം സ്വീകരിച്ച ഫാ.കുര്യൻ തടത്തിൽ ആലുവ മംഗലപ്പുഴ സെമിനാരിയിലും പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിലും അധ്യാപകനായിരുന്നു. പാലാ എൻജിനിയറിംഗ് കോളജ് ഹോസ്റ്റൽ വാർഡനായും രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ ദീപനാളം കലാസാംസ്കാരിക വാരികയുടെ ചീഫ് എഡിറ്ററായും കെസിഎസ്എൽ പാലാ രൂപത ഡയറക്ടറായും കാക്കൊന്പ് പള്ളി വികാരിയായും സേവനമനുഷ്ഠിക്കുന്നു. എഴുത്തുകാരനും വാഗ്മിയുമാണ്.
കോട്ടയം മൂഴൂർ തടത്തിൽ റിട്ട. അധ്യാപകരായ ടി.എം. മാണി-ഏലിക്കുട്ടി ദന്പതികളുടെ മകനാണ്. കേരളത്തിലെ സീറോ മലബാർ, ലത്തീൻ, സീറോ മലങ്കര രൂപതകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചാണ് കെസിഎസ്എൽ മുഖ്യമായും പ്രവർത്തിക്കുന്നത്. എറണാകുളം പിഒസിയാണ് ആസ്ഥാനം.