കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോൾ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Monday, July 15, 2019 11:17 PM IST
ചേർത്തല: മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ഓട്ടോറിക്ഷ ഉൾപ്പെടെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. നഗരസഭ മൂന്നാം വാർഡ് കടവിൽ നികർത്തിൽ പരേതനായ ഷണ്മുഖന്റെ മകൻ ശങ്കർ (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.40 ന് വയലാർ പാലത്തിനു സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കർ തിങ്കളാഴ്ച രാവിലെ 10.45 ഓടെയാണ് മരിച്ചത്.
എഎസ്ഐ കെ.എം ജോസഫും സിവിൽ പോലീസ് ഓഫീസർ രജീഷും ചേർന്ന് ബൈക്കിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വയലാർ രക്തസാക്ഷി മണ്ഡപത്തിനു സമീപം വച്ച് ആലപ്പുഴ അവലുക്കുന്നു സ്വദേശി മനോജിനെ മദ്യപിച്ചതായി കണ്ടെ ത്തി പിടികൂടിയത്.
പരിശോധനാ സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ മനോജിനെയും കൂടെയുണ്ടായിരുന്ന ഉണ്ണിക്കുട്ടനെയും പിന്നിലിരുത്തിയാണ് രജീഷ് ഓട്ടോറിക്ഷ ചേർത്തല പോലീസ് സ്റ്റേഷനിലേക്കെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ, വയലാർപാലം ഇറങ്ങിവരുന്പോൾ ഓട്ടോ നിയന്ത്രണം വിട്ട്, നടന്നു പോകുകയായിരുന്ന ശങ്കറിനെ ഇടിക്കുകയായിരുന്നു. തുടർന്ന് സമീപമുള്ള കടയുടെ ബോർഡു തകർത്ത് മരത്തിലിടിച്ചാണ് ഓട്ടോ നിന്നത്. രജീഷിനും ഓട്ടോയിലിരുന്നവർക്കും കാര്യമായി പരിക്കേറ്റില്ല.
ഗുരുതരമായി പരിക്കേറ്റ ശങ്കറിനെ മറ്റൊരുവാഹനത്തിലാണ് ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മരിച്ചു.
ഓട്ടോ ഓടിച്ച എആർ ക്യാന്പിലെ സിവിൽ പോലീസ് ഓഫീസർ കളവംകോടം സ്വദേശി എം.ആർ രജീഷിനെതിരെ വാഹനം അലക്ഷ്യമായി ഓടിച്ച് അപകടമരണം ഉണ്ടാക്കിയതിനു ചേർത്തല പോലീസ് കേസെടുത്തിട്ടുണ്ട്. വകുപ്പു തലത്തിലുള്ള നടപടിയും ഉണ്ടായേക്കും.
സംഭവത്തിൽ ദക്ഷിണ മേഖലാ ഐജി അടിയന്തര റിപ്പോർട്ട് തേടി. അപകടത്തിനുശേഷം ഓട്ടോ സ്റ്റേഷനിലേക്ക് കൊണ്ടു പോകാൻ പോലീസെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധമുയർത്തി. കൂലിപ്പണിക്കാരനായിരുന്നു മരിച്ച ശങ്കർ. അമ്മ: ഓമന. സഹോദരങ്ങൾ: കവിരാജ്, പുഷ്പൻ. ആലപ്പുഴയിൽ പോസ്റ്റു മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.