അതിവേഗ റെയിൽവേയ്ക്ക് അംഗീകാരം
Thursday, August 8, 2019 12:33 AM IST
തിരുവനന്തപുരം: കൊച്ചുവേളി മുതൽ കാസർഗോഡ് വരെ സെമി ഹൈസ്പീഡ് റെയിൽ സർവീസിനു വേണ്ടിയുള്ള റെയിൽപാതയ്ക്കും സിസ്ട്ര സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ടിനും അലൈൻമെന്റിനും മന്ത്രിസഭായോഗം അംഗീകാരം നൽകി. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ അഞ്ചു വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
530 കിലോമീറ്റർ ദൂരത്തിൽ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി നിലവിലുള്ള ഇരട്ടപ്പാതയ്ക്കു പുറമെ മൂന്നും നാലും പാത നിർമിക്കുക സംസ്ഥാനത്തിന്റെ മുൻഗണനാ പട്ടികയിലുള്ള പദ്ധതിയാണ്.
മണിക്കൂറിൽ ശരാശരി 180 മുതൽ 200 വരെ കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കുന്നതിനായി രണ്ടു പുതിയ പാതകൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ഒന്നര മണിക്കൂറിനുള്ളിൽ എറണാകുളത്തും നാലു മണിക്കൂറിനുള്ളിൽ കാസർഗോട്ടും എത്താൻ കഴിയും. കാസർഗോഡിനും തിരൂരിനുമിടയിൽ (220 കിലോമീറ്റർ ) നിലവിലുള്ള പാതയ്ക്കു സമാന്തരമായാണ് പുതിയ പാതകൾ നിർമിക്കുക. തിരൂർ മുതൽ തിരുവനന്തപുരം വരെ (310 കിലോമീറ്റർ ) നിലവിലുള്ള പാതയിൽനിന്നു മാറിയാണ് പുതിയ പാതവരുന്നത്. ജനവാസം കുറഞ്ഞ മേഖലകളിൽകൂടിയാണ് ഈ ഭാഗത്തു പാതകൾ നിർമിക്കുക.