തകർന്ന വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാൻ എറൈസ് ടീം
Tuesday, August 20, 2019 12:21 AM IST
കൊച്ചി: സംസ്ഥാനത്തു കാലവർഷക്കെടുതിയിൽ തകർന്ന വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ കുടുംബശ്രീ എറൈസ് മൾട്ടി ടാസ്ക് ടീം ചെയ്തു നൽകും. കേടുവന്ന മോട്ടോർ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വയറിംഗ് തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളാണു ചെയ്തു നൽകുക. 100 രൂപ യാത്രാബത്ത സഹിതം ദിവസേന 350 രൂപ ഒരാൾക്കു നൽകണം. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണു പണം നൽകുക.
മഴക്കെടുതി കൂടുതൽ നാശം വിതച്ച വടക്കൻ ജില്ലകളായ വയനാട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് കോഴിക്കോട് ജില്ലകളിലും കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും ടീമുകളായി തിരിഞ്ഞാണു പ്രവർത്തനം.
ബ്ലോക്ക് കോഒാർഡിനേറ്റർമാർ വഴി ഓരോ പഞ്ചായത്തിലും വീടുകളുടെ പട്ടിക തയാറാക്കി അതനുസരിച്ചാണ് അറ്റകുറ്റപ്പണി. 43 ടീമുകൾ ഇതിനോടകം 264 വീടുകൾ/പൊതു ഓഫീസുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ ചെയ്തുകഴിഞ്ഞു. എറൈസ് ടെക്നീഷൻ എന്ന പേരിൽ അറിയപ്പെടുന്ന ടീം പ്രത്യേക യൂണിഫോമിലാണു ജോലിക്കെത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ രൂപംകൊണ്ട എറൈസ് ടീം ആവശ്യക്കാരിൽനിന്നു തുക ഈടാക്കിയാണ് പ്രവർത്തിച്ചു വന്നിരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതിനോടകം 22 ഗവണ്മെന്റ് ഐടിഐകളുമായി കുടുംബശ്രീ ധാരണയിലെത്തിയിട്ടുണ്ട്.
ജെറി എം. തോമസ്