രേഖകള്‍ നഷ്ടപ്പെട്ടോ? കാലതാമസം ഒഴിവാക്കാന്‍ സൗജന്യമായി നിയമസഹായം
Tuesday, August 20, 2019 12:21 AM IST
കോഴിക്കോട്: വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി ഇപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്ട്ടികളുമെല്ലാമുണ്ട്. എന്നാല്‍, നഷ്ടപ്പെട്ടുപോയ വിലപിടിപ്പുള്ള രേഖകളുടെ കാര്യം അങ്ങിനെയല്ലെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു. അതിനു മറ്റുള്ളവര്‍ക്കു സഹായിക്കാന്‍ പരിമിതികളുണ്ട്. വെല്ലുവിളിയായി സര്‍ക്കാര്‍ സംവിധാനത്തിന്റെ മെല്ലെപ്പോക്കും.
എന്നാൽ, പാവപ്പെട്ടവര്‍ക്ക് ഇതു വീണ്ടെടുത്തു നല്കാൻ സൗജന്യമായി നിയമസഹായം നല്കാന് രാജ്യത്തു സംവിധാനമുണ്ട്. 1987ലെ ലീഗല്‍ സര്‍വീസ് ആക്ട് പ്രകാരം പ്രകൃതി ദുരന്തത്തില്‍പ്പെട്ട നിയമസഹായം ആവശ്യമുള്ളവര്‍ക്കു രേഖകള്‍ വീണ്ടെുക്കാന്‍ കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിയെ സമീപിക്കാം. ഇതിനു താഴെ ജില്ലാ ലീഗല്‍ അഥോറിറ്റിയും അതിനു താഴെ താലൂക്ക് ലീഗല്‍ അഥോറിറ്റിയും ഉണ്ട്.
റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള എതൊരു രേഖയും തിരിച്ചുകിട്ടാന്‍ ഈ സംവിധാനം പാവപ്പെട്ടവര്‍ക്ക് ഉപയോഗിക്കാം. കാലതാമസമില്ലാതെ തന്നെ അഥോറിറ്റിക്ക് അപേക്ഷ നല്കിയാല് രേഖകള്‍ ഉടന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഫോണ്‍: കേരള ലീഗല്‍ അഥോറിറ്റി - 0484 2396717, വയനാട്- 0493-6207800, കണ്ണൂര്‍- 0490-2326766, കോഴിക്കോട് -0495-2366044, മലപ്പുറം-0483- 262220