മിന്നലിൽ വൈദ്യുതി ശ്മശാനം തകരാറിലായി; മൃതദേഹം ഉള്ളിൽ കുടുങ്ങി
Monday, September 16, 2019 1:17 AM IST
തൊടുപുഴ: നഗരസഭ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ശക്തമായ ഇടിമിന്നലിൽ ഫർണസിന്റെ മോട്ടോർ തകർന്നു. മോട്ടോർ തകർന്നതോടെ പാതി ദഹിപ്പിച്ച മൃതദേഹം ഫർണസിനുള്ളിൽ കുടുങ്ങി. മണക്കാട് സ്വദേശിനിയായ വയോധികയുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ നഗരസഭയുടെ ശാന്തിതീരം പൊതുശ്മശാനത്തിൽ ദഹിപ്പിക്കാനെത്തിച്ചത്.
ചടങ്ങുകൾക്കു ശേഷം മൃതദേഹം ഫർണസിനുള്ളിൽ കയറ്റി ദഹിപ്പിക്കാനാരംഭിച്ചതോടെ ശക്തമായ ഇടിമിന്നലിൽ വൈദ്യുതികൊണ്ടു പ്രവർത്തിക്കുന്ന ഫർണസിന്റെ മോട്ടോർ കത്തിപ്പോകുകയായിരുന്നു. മൃതദേഹം പാതിയോളം ദഹിപ്പിച്ചതിനാൽ മറ്റൊരു ഫർണസിലേക്കു മാറ്റാനും കഴിഞ്ഞില്ല. ഇന്നു വിദഗ്ധർ എത്തി മോട്ടോറിന്റെ തകരാർ പരിഹരിച്ചതിനു ശേഷമെ മൃതദേഹം പൂർണമായി ദഹിപ്പിക്കാൻ കഴിയു എന്ന് അധികൃതർ അറിയിച്ചു.